print edition കൊടുവള്ളിയിൽ ലീഗിന് കീഴടങ്ങി കോൺഗ്രസ്, നേതാവിന് സ്ഥാനംപോയി

എംഎസ്എഫിനെതിരായ മുദ്രാവാക്യവുമായി കെഎസ്-യു നടത്തിയ പ്രകടനം (ഫയൽ ചിത്രം)msf
കൊടുവള്ളി (കോഴിക്കോട്)
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്‌എഫിനെതിരെ ബാനറുയർത്തിയ നേതാവിനെ സ്ഥാനങ്ങളിൽനിന്ന് മാറ്റി കോൺഗ്രസ്. യുഡിഎഫ് കൊടുവള്ളി മുനിസിപ്പാലിറ്റി കൺവീനറും കോർ കമ്മിറ്റി ചെയർമാനുമായ സി പി അബ്ദുൾ റസാഖിനെതിരെയാണ് നടപടി. കൺവീനർസ്ഥാനം പി ആർ മഹേഷിനും കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം ടി കെ പി അബൂബക്കറിനും നൽകി. മുസ്ലിലീഗ് സമ്മർദത്തിന് വഴങ്ങിയാണ് നടപടിയെന്ന പരാതി കോൺഗ്രസിനുള്ളിൽ ശക്തമാണ്.
കൊടുവള്ളി കെഎംഒ കോളേജിൽ എംഎസ്എഫിനെ പരാജയപ്പെടുത്തിയ കെഎസ്‌യു പ്രവർത്തകർ ‘എംഎസ്എഫ് തോറ്റു, മതേതരത്വം വിജയിച്ചു' എന്ന് ബാനർ ഉയർത്തി ആഹ്ലാദപ്രകടനം നടത്തിയിരുന്നു.
അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. തുടർന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നടക്കം കോൺഗ്രസിനെ ലീഗ് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് നേതൃത്വം ഡിസിസിക്ക് പരാതിയും നൽകി. ഡിസിസി ഇടപെട്ടാണ് അബ്ദുൾ റസാഖിനെ മാറ്റിയത്.
നേരത്തെ, എൽഡിഎഫ് സ്വതന്ത്ര എംഎൽഎ പി ടി എ റഹീമിനെ പുക ഴ്ത്തിയ കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് സി കെ ജലീലിനെയും ഡിസിസി രാജിവയ്പിച്ചിരുന്നു. ലീഗിന് വഴങ്ങിയുള്ള നടപടികളിൽ കോൺഗ്രസ് പ്രവർത്തകർക്കുള്ളിലും കെഎസ്‌യുവിലും പ്രതിഷേധം ശക്തമാണ്. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അഭയാർഥികളെന്ന് ആക്ഷേപിച്ച ലീഗ് മണ്ഡലം സെക്രട്ടറി കെ കെ എ കാദറിനെതിരെ നടപടിയെടുത്തിട്ടുമില്ല. കോൺഗ്രസ് മാത്രം എന്തിനാണ് നടപടിയെടുക്കുന്നതെന്നാണ് പ്രവർത്തകരുടെ ചോദ്യം.
കഴിഞ്ഞദിവസം യൂത്ത് ലീഗ് ഭാരവാഹിയും നഗരസഭാ ചെയർമാനുമായ അബ്ദു വെള്ളറയുടെ ആക്ഷേപത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വനിതാ കൗൺസിലർ രാജി ഭീഷണി ഉയർത്തി. സമരത്തിന് കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിലെത്തിയ കെഎസ്‌യുക്കാരെ എംഎസ്എഫുകാർ മർദിച്ചു. കോൺഗ്രസ്–ലീഗ് ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് പ്രവർത്തകരെ നാണംകെടുത്തിയ അച്ചടക്കനടപടി. കൊടുവള്ളിയിൽ ലീഗിന് കീഴ്പ്പെട്ട് സംഘടനാ പ്രവർത്തനം നടത്തുന്നത് അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരുടെ ആവശ്യം.









0 comments