യുവാവിനെ തട്ടിക്കൊണ്ടുപോകൽ: പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചു

കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ പരപ്പാറയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തതായി സൂചന. വാഹന ഉടമകളായ രണ്ടുപേരും സംഘത്തിലെ ഒരാളും കസ്റ്റഡിയിലുള്ളതായാണ് വിവരം. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയമിച്ചു.
കിഴക്കോത്ത് ആഴിക്കോട്ടിൽ അനൂസ് റോഷ (21)നെയാണ് വെള്ളി വൈകിട്ട് നാലോടെ സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. വെള്ള സ്വിഫ്റ്റ് കാറിലും രണ്ട് ബൈക്കിലുമായാണ് സംഘമെത്തിയത്. ഒരുകൊടുവാൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സഹോദരന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. അതിൽപ്പെട്ട ഒരുസംഘം ഞായറാഴ്‌ച യുവാവിന്റെ വീട്ടിലെത്തിയിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ കാർ മലപ്പുറം ഭാഗത്തേക്ക് കടന്നതായാണ് സൂചന.









0 comments