കൊച്ചി സ്വദേശി തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ മരിച്ചു; കസ്റ്റഡിയിലെടുത്തത് ഗൾഫിൽ ജോലിക്ക് പോകാനിരുന്നതിന്റെ തലേന്ന്

കൊച്ചി: തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ കൊച്ചി സ്വദേശി കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തൈക്കൂടം കനാൽ സെന്റ് ആന്റണീസ് റോഡ് വാട്ടർവേ അവന്യൂവിൽ വൻപുള്ളിയിൽ പ്രജീഷ് വർഗീസാണ് (40) മരിച്ചത്. ബുധനാഴ്ച ഗൾഫിൽ ജോലിക്കുപോകാനിരിക്കെ ചൊവ്വ രാത്രിയാണ് തമിഴ്നാട് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തത്.
13 വർഷം മുൻപ് തമിഴ്നാടിലെ മുൻ എംഎൽഎ കതിരവന്റെ മകനെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടാണെന്നുപറഞ്ഞ് മരട് സ്റ്റേഷനിൽ രേഖപ്പെടുത്തിയാണ് കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കി അന്നുതന്നെ ജാമ്യത്തിൽ വിടാമെന്നു പറഞ്ഞതിനാൽ ബന്ധുക്കളും ഒപ്പം പോയി. എന്നാൽ കോടതി പ്രജീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തിനുശേഷം ജാമ്യം കിട്ടുമെന്ന ഉറപ്പിൽ വക്കീലിനെ കാര്യങ്ങൾ ഏൽപ്പിച്ച് ബന്ധുക്കൾ മടങ്ങിയിരുന്നു. വെള്ളി രാവിലെയാണ് പ്രജീഷ് കുഴഞ്ഞുവീണ് മരിച്ചെന്ന വിവരം തമിഴ്നാട് പൊലീസ് അറിയിച്ചത്.
കേരളത്തിൽ പ്രജീഷിനെതിരെ നിലവിൽ കേസുകൾ ഇല്ല. രണ്ട് പ്രാവശ്യം ഗൾഫിൽ ജോലിക്കുപോയിരുന്നു. കേസിൽപ്പെട്ട ചമ്പക്കര സ്വദേശിയായ മറ്റൊരു യുവാവ് വർഷങ്ങൾക്കുമുൻപ് തമിഴ്നാട്ടിൽ വെടിയേറ്റുമരിച്ചിരുന്നു. പ്രജീഷ് രണ്ടുതവണ തമിഴ്നാട്ടിൽ പോയി ജാമ്യം എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ശനി രാവിലെ 10.30ന് തൈക്കൂടം സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. റാഫേലിന്റെയും ജയയുടെയും മകനാണ്. ഭാര്യ: രാജി. മക്കൾ: മിക്ക, ആമൂസ്.









0 comments