ഇൻഫോപാർക്ക് മെട്രോ ട്രാക്ക് നിർമാണത്തിന് ടെൻഡറായി

കൊച്ചി
കലൂർ ജെഎൽഎൻ സ്റ്റേഡിയം–കാക്കനാട് ഇൻഫോപാർക്കുവരെയുള്ള മെട്രോ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾക്ക് വേഗംകൂട്ടി കെഎംആർഎൽ. മറ്റു നിർമാണജോലികൾക്കൊപ്പം ട്രാക്ക് നിർമാണത്തിനും ടെൻഡർ ക്ഷണിച്ചു. പദ്ധതിയിലെ പ്രധാന ചുവടുവയ്‌പാണിത്.16 മാസത്തിനകം 11.2 കിലോമീറ്റർ പാതയിൽ ട്രാക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം. 127.91 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വയഡക്ട് നിർമാണം പൂർത്തിയാകുന്നമുറയ്ക്ക് ട്രാക്ക് സജ്ജമാക്കും. ഇൻഫോപാർക്ക് ഉൾപ്പെടെ ഭാഗത്ത് തൂണുകളുടെ നിർമാണം ഉൾപ്പെടെ പുരോഗമിക്കുകയാണ്. ഇവിടെനിന്നാകും ആദ്യം ട്രാക്ക് ഒരുക്കുക. ട്രാക്കിന്റെ രൂപകൽപ്പന, വയഡക്ടിനുമേൽ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് ടെൻഡർ വിളിച്ചത്.
പ്രതികൂല കാലാവസ്ഥയടക്കമുള്ള കാരണങ്ങളാൽ നിർമാണജോലികളിൽ 100 ദിവസം കാലതാമസമുണ്ടായിട്ടുണ്ട്. ജോലികൾ വേഗത്തിലാക്കി ഇത് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎംആർഎൽ. സ്‌റ്റേഡിയം ഉൾപ്പെടെ 11 സ്‌റ്റേഷനുകളാണുള്ളത്. ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക് സ്‌റ്റേഷനുകളുടെ പൈലിങ് പൂർത്തിയാക്കി. സിവിൽ സ്‌റ്റേഷൻ ജങ്‌ഷനിലേത് പുരോഗമിക്കുകയാണ്.
സെസിൽ സ്‌റ്റേഷൻ കെട്ടിടം ഉയർന്നുകഴിഞ്ഞു. വയഡക്ടിനുള്ള 16 തൂണുകളും വിവിധയിടങ്ങളിൽ ഉയർന്നു. 825 പൈൽ തയ്യാറായി. 68 പൈൽ ക്യാപ്പുകൾ പൂർത്തിയായി. 48 പിയർ ക്യാപ്പുകളും നിർമിച്ചു. 58 യു, 24 ഐ ഗർഡുകളും നിർമിച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തെ ബന്ധിപ്പിച്ച് ആലുവ–അങ്കമാലി മെട്രോ മൂന്നാംഘട്ടമായി നടപ്പാക്കാനുള്ള നടപടികൾക്കും കെഎംആർഎൽ തുടക്കമിട്ടു.
ജെഎൽഎൻ സ്‌റ്റേഡിയം–ഇൻഫോപാർക്ക് രണ്ടാംഘട്ട പദ്ധതി നിർമാണത്തിനുള്ള 1142. 32 കോടി രൂപയുടെ കരാർ അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചറിനാണ് നൽകിയിട്ടുള്ളത്.









0 comments