തുടർച്ചയായ മൂന്നാം വര്‍ഷവും കുതിച്ച്‌ കൊച്ചി മെട്രോ; 33.34 കോടിയുടെ പ്രവര്‍ത്തനലാഭം

metro pass
വെബ് ഡെസ്ക്

Published on Aug 07, 2025, 10:12 PM | 1 min read

കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25)  33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചിമെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപയായിരുന്നു പ്രവര്‍ത്തന നഷ്ടം. 2018-19 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞെങ്കിലും 2019-20 വര്‍ഷം അത് 13.92 കോടിയായും 2020-21 ല്‍ 56.56 കോടിയായും ഉയര്‍ന്നു. 2021-22 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 34.94 കോടി രൂപയായിരുന്നു. എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന നഷ്ടത്തില്‍ നിന്ന് കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ആ വര്‍ഷം 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലഭമാണ് നേടിയത്. 2023-24 കാലയളവില്‍ പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി കുതിച്ചുയരുകയും ചെയ്തു.


2024-25 കാലയളവില്‍ കൊച്ചി മെട്രോ 182.37 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് 1.56 കോടി രൂപയും നേടി. ഇതര മാര്‍ഗങ്ങളില്‍ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി.  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ചിലവ് 149.03 കോടി രൂപയാണ്.


തുടര്‍ച്ചയായ വര്‍ഷങ്ങളിലെ പ്രവര്‍ത്തന ലാഭം കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവിന്റെ പ്രതിഫലനമാണ് എന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മികവാര്‍ന്ന രീതിയിലുള്ള ട്രെയിന്‍ ഓപ്പറേഷന്‍, യാത്രാസൗകര്യങ്ങളിലെ വര്‍ധന, കൂടുതല്‍ വരുമാന ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവല്‍ക്കരണം, ടിക്കറ്റിതര  വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമം, തുടങ്ങിയവയിലൂടെയാണ് പ്രവര്‍ത്തനലാഭം ഓരോ വര്‍ഷവും വര്‍ധിപ്പിച്ചുകൊണ്ടുവരാന്‍ കഴിയുന്നത്. കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന വിധം സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹദപരവും ആയ ഒരു മെട്രോ സിസ്റ്റം വളര്‍ത്തിക്കൊണ്ടുവരികയാണ് കെഎംആര്‍എല്ലിന്റെ ലക്ഷ്യമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home