ഹിറ്റായി കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവ്വീസ്; ഇൻഫോപാർക്ക് റൂട്ടിൽ 29 മുതൽ

kochimetro e-bus
വെബ് ഡെസ്ക്

Published on Jan 25, 2025, 04:21 PM | 2 min read

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സർവീസ് ഹിറ്റ്. ആലുവ-വിമാനത്താവളം, കളമശേരി-മെഡിക്കൽ കോളജ്, കളമശേരി–കുസാറ്റ് റൂട്ടുകളിൽ ജനുവരി 16ന് ആരംഭിച്ച സർവീസിൽ വെള്ളിയാഴ്ച വരെ 15,500 ഓളം പേർ യാത്ര ചെയ്തു. പ്രതിദിനം ശരാശരി 1900 ത്തിലേറെ പേർ സർവീസ് പ്രയോജനപ്പെടുത്തുന്നു. ഇലക്ടിക് ബസ് സർവീസ് ആരംഭിച്ചതോടെ ആലുവ, കളമശേരി മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി.


ആലുവ വിമാനത്താവളം റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ 5 കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്രാ നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. വിമാനത്താവളം റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ആണ് സർവീസ് നടത്തുന്നത്.


എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്. കളമശേരി-മെഡിക്കല്‍ കോളെജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്.


മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിങ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും റൂപേ ഡെബിറ്റ് കാർഡ്,  കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം.


ഇൻഫോപാർക്ക് റൂട്ടിൽ 29 ന് സർവ്വീസ് ആരംഭിക്കും


കൊച്ചി വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇ ബസ് സർവ്വീസ് 29 ന് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7.15 വരെ  25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 7,7.20, 7.50 എന്നീ സമയങ്ങളിൽ കളമശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവ്വീസ് ഉണ്ടാകും.


വൈകിട്ട് തിരിച്ച് 7.15 ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശേരിക്കും ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ട്രയൽ റണ്ണിൽ ഇൻഫോപാർക്ക് ഡി ജി എം ശ്രീജിത് ചന്ദ്രൻ, എ ജി എം വിജയൻ വി ആർ, മാനേജർ ടിനി തോമസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൈക്കോടതി എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടം ഘട്ടമായി ഉടനെ സർവ്വീസ് ആരംഭിക്കും



deshabhimani section

Related News

View More
0 comments
Sort by

Home