കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് തുടക്കം; പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു

KMRL Electric Bus

കൊച്ചി മെട്രോ ഇലട്രിക് ബസ് സർവീസ് വ്യവസായ മന്ത്രി പി രാജീവ്‌ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 15, 2025, 07:12 PM | 2 min read

കൊച്ചി: വിവിധ മെട്രോസ്റ്റേഷനുകളില്‍ നിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സര്‍വ്വീസ് വ്യവസായ മന്ത്രി പി രാജീവ് ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. മെഡിക്കൽ കോളേജിന് സമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ഫ്ലാഗ്‌ ഓഫ്‌ പരിപാടി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ എൻ ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, കൊഎംആർഎൽ എംഡി ലോകനാഥ് ബെഹ്‌റ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളെജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്.

എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വ്വീസ് നടത്തുന്നത്


എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്.


കളമശേരി-മെഡിക്കല്‍ കോളേജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ  25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വ്വീസ് ഉണ്ടാകും. ഹൈക്കോര്‍ട്ട്-എംജിറോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയു കടവന്ത്ര കെ.പി വള്ളോന്‍ റോഡ് - പനമ്പിള്ളി നഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതല്‍ വൈകിട്ട് എഴ് മണിവരെയും സര്‍വ്വീസ് ഉണ്ടാകും.


വ്യാഴാഴ്ച രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവ്വീസ് ലഭ്യമായിരിക്കും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവ്വീസ് ആരംഭിക്കും.


മെട്രോയിലെ സൗകര്യങ്ങൾ ബസിലും


ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്.  മൊബെൽ ഫോൺ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട് ലഭ്യമാണ്.


മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്,  കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം.



deshabhimani section

Related News

View More
0 comments
Sort by

Home