പാര്‍ക്ക് ഒരുക്കുന്നത് അദാനി ഗ്രൂപ്പ്, ഫ്ലിപ്കാര്‍ട്ട്, പനാറ്റോണി, അവിഗ്ന തുടങ്ങിയ വമ്പന്മാർ
ലോജിസ്റ്റിക് ഹബ്ബാകാൻ കൊച്ചി ; 3000 കോടിയിലധികം രൂപയുടെ നിക്ഷേപമെത്തും
വാണിജ്യകാര്യ ലേഖകൻ
Published on Jan 11, 2025, 01:13 AM | 1 min read
കൊച്ചി
ലോജിസ്‌റ്റിക് മേഖലയില്‍ വന്‍ കുതിപ്പിന് തയ്യാറെടുത്ത് കൊച്ചി. അദാനി ഗ്രൂപ്പ്, ഫ്ലിപ്കാര്‍ട്ട്, കലിഫോര്‍ണിയ ആസ്ഥാനമായുള്ള ലോകത്തെ മുന്‍നിര ലോജിസ്റ്റിക് കമ്പനി പനാറ്റോണി, ബംഗളൂരു ആസ്ഥാനമായ അവിഗ്ന തുടങ്ങിയ വമ്പന്മാരാണ് കൊച്ചിയില്‍ ലോജിസ്റ്റിക് പാര്‍ക്ക് ഒരുക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സംസ്ഥാനത്തെ ലോജിസ്റ്റിക് ഹബ്ബായി കൊച്ചി വളരുമെന്നുമാണ് കണക്കാക്കുന്നത്.
കളമശേരി എച്ച്എംടിക്കുസമീപം 70 ഏക്കറിലാണ് അദാനി ഗ്രൂപ്പ് 500 കോടിയുടെ ലോജിസ്റ്റിക് പാര്‍ക്ക് ഒരുക്കുന്നത്. പാര്‍ക്കിനകത്ത് പ്രവര്‍ത്തനം തുടങ്ങുന്ന വിവിധ കമ്പനികളുടെ നിക്ഷേപംകൂടി ഒത്തുചേരുമ്പോള്‍ ഇത് കുറഞ്ഞത് ആയിരം കോടി രൂപയുടെ പദ്ധതിയാകുമെന്നാണ് വിലയിരുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനികളിലൊന്നായ പനാറ്റോണി എടയാര്‍ വ്യവസായമേഖലയില്‍ 100 ഏക്കറിലാണ് ലോജിസ്റ്റിക് പാര്‍ക്ക് ആസൂത്രണം ചെയ്യുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും നിക്ഷേപം എത്ര കോടിയുടേതായിരിക്കുമെന്ന പ്രഖ്യാപനം ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന "ഇന്‍വെസ്റ്റ് കേരള' ആഗോള ഉച്ചകോടിയിലുണ്ടാകുമെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട് പാർക്ക് വികസിപ്പിക്കുന്നത് പറവൂർ–-ആലുവ റോഡിലെ മന്നത്താണ്. 5.5 ലക്ഷം ചതുരശ്രയടിയിലുള്ള പദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഈ വര്‍ഷംതന്നെ പ്രവര്‍ത്തനസജ്ജമാകുമെന്നും ഇതിലൂടെ മൂവായിരത്തോളം തൊഴിലവസരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. അവിഗ്ന നാലുലക്ഷം ചതുരശ്രയടിയിൽ ലോജിസ്റ്റിക് പാർക്ക് കൊണ്ടുവരുന്നത് അങ്കമാലി പാറക്കടവിലാണ്.
എത്ര കോടിയായിരിക്കും നിക്ഷേപമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വരുമ്പോള്‍ത്തന്നെ ലോജിസ്റ്റിക്കിൽമാത്രം കുറഞ്ഞത് 3000 കോടിയിലധികം രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് എത്തും.
0 comments