'5,200 കോടി രൂപ തിരികെ നൽകണം'; നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കെ എൻ ബാലഗോപാൽ

kn  balagopal
വെബ് ഡെസ്ക്

Published on Aug 11, 2025, 03:30 PM | 1 min read

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുന്ന വിധമുള്ള കേന്ദ്ര നടപടികളിൽ അനുകൂലമായ ഇടപെടൽ ആവശ്യപ്പെട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ പേരിൽ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപയും മുൻവർഷമെടുത്ത അധികവായ്പകൾ ഈ വർഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോൾ കുറവുചെയ്ത 1877 കോടി രൂപയും അടിയന്തിരമായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് പാർലമെന്റിൽ നടന്ന കൂടിക്കാഴ്ചയിൽ കെ എൻ ബാല​ഗോപാൽ ആവശ്യപ്പെട്ടു.


ഐജിഎസ്ടി ബാലൻസിൽ ഉണ്ടായ കുറവ് നികത്തുന്നതിനായി മുൻകൂട്ടി അനുവദിച്ച തുകയുടെ ക്രമീകരണമായി 965.16 കോടി രൂപ കേന്ദ്രം കുറവുവരുത്തിയിരുന്നു. ഇതു ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ദേശീയ പാതയുടെ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്ന ചെലവിൽ 25 ശതമാനം സംസ്ഥാന സർക്കാരാണ് മുടക്കിയിട്ടുള്ളത്. കേന്ദ്രത്തിൽ നിന്ന് കടമെടുത്തായിരുന്നു സർക്കാർ ഇതിനുള്ള തുക ചെലവിട്ടത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് കുറവ് വരുത്തിയ നടപടി പുനഃപരിശോധിക്കണം. നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ മറ്റു വ്യവസ്ഥകൾ കൂടാതെ നടപ്പുസാമ്പത്തിക വർഷം 6000 കോടി രൂപ അധികം കടമെടുക്കാൻ അനുവദിക്കണമെന്നും ധനമന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home