'പ്രസിഡന്റാക്കിയിരുന്നെങ്കില്‍ പഴയ കോളനി മൊത്തമായി ഭരിച്ചേനെ'; കൊടിക്കുന്നിലിനെതിരെ ജാതി അധിക്ഷേപവുമായി കെഎംസിസി നേതാവ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ ജാതി അധിക്ഷേപം നടത്തി ഗൾഫിലെ മുസ്‌ലിം ലീഗ് സംഘടനയായ കെഎംസിസിയുടെ നേതാവ് യു പി മുസ്തഫ. സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ നേതാവാണ് മുസ്തഫ.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വാര്‍ത്ത പങ്കുവച്ചാണ് അധിക്ഷേപം. പേരാവൂരിന്റെ മണ്ഡലത്തിന്റെ മാത്രം പ്രസിഡന്റെന്ന് സണ്ണി ജോസഫിനെ വിമർശിച്ച കൊടിക്കുന്നിലിന്റെ പരാമര്‍ശത്തിന് 'എന്നെ കെപിസിസി പ്രസിഡന്റാക്കിയിരുന്നെങ്കിൽ എന്റെ പഴയ കോളനി മൊത്തമായി ഭരിക്കുമായിരുന്നു' എന്ന് എഴുതിയാണ് സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചിരിക്കുന്നത്.
കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനേയും ഇപ്പോഴത്തെ അധ്യക്ഷന്‍ സണ്ണി ജോസഫിനേയും താരതമ്യം ചെയ്ത് കൊടിക്കുന്നില്‍ കെപിസിസി നേതൃയോഗത്തില്‍ നടത്തിയ അഭിപ്രായപ്രകടനം പ്രതിപക്ഷ നേതാവ് ഇടപെട്ട് പിന്‍വലിച്ചിരുന്നു.
പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മുസ്തഫയിട്ട വിശദീകരണ പോസ്റ്റിലും എംപിക്കെതിരായ പരിഹാസമുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസിഡന്റായ പാര്‍ടിയില്‍ തനിക്ക് ജാതി മൂലം പ്രസിഡന്റ് സ്ഥാനം കിട്ടുന്നില്ലെന്ന് പറഞ്ഞ് കരയുന്നത് അശ്ലീലമാണ്. സ്ഥിരം മുഖമല്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെടും, ചില നേതാക്കളില്ലെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്നൊക്കെ കോണ്‍ഗ്രസിന്റെ തെറ്റായ ധാരണയാണ്. കോളനി, ഊര് എല്ലാം സാധാരണ വാക്കുകളാണെന്നും അതില്‍ ജാതി അധിക്ഷേപം ഇല്ലെന്നും ജാതി പറഞ്ഞ് ആദ്യം കരഞ്ഞത് കൊടിക്കുന്നില്‍ സുരേഷ് ആണെന്നും മുസ്തഫയുടെ പോസ്റ്റിലുണ്ട്.









0 comments