രാഹുലിനെതിരെ ശക്തമായ നടപടി വേണം, സസ്‌പെൻഷൻ വലിയൊരു ശിക്ഷയല്ല: കെ കെ ശൈലജ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും ശക്തമായ നടപടി സ്വീകരിക്കേണ്ടതാണെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. സസ്‌പെൻഷൻ വലിയൊരു ശിക്ഷയല്ലെന്നും അതേസമയം അവരുടെ പാർട്ടിയിൽ എന്ത് നടപടി എടുക്കണം എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും ശൈലജ പറഞ്ഞു. പരാതി പറഞ്ഞ പെൺകുട്ടികൾ രേഖാമൂലം പരാതി കൊടുക്കാൻ തയാറാവണം. പരാതി ഇല്ലാത്തതുകൊണ്ട് മാത്രം നടപടിയെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു.
എന്നാൽ പരാതി ഇല്ലെങ്കിലും നടപടി എടുക്കേണ്ടതായിട്ടുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളും ചാറ്റ് സ്ക്രീൻഷോട്ടുകളുമെല്ലാം പുറത്ത് വന്നു. ഇതൊക്കെ വളരെ ഗൗരവതരമായ വിഷയങ്ങളാണ്. തെളിവുകൾ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി എടുക്കേണ്ടതാണ്.
തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ രാഹുൽ അത് നിഷേധിച്ചേനെ. ഒന്നുമില്ലെങ്കിൽ ഏറ്റവും ഗുരുതരമായ ആരോപണം എങ്കിലും ആദ്യം നിഷേധക്കേണ്ടതായിരുന്നു. പക്ഷെ ഈ നിമിഷം വരെയും രാഹുൽ ആരോപണങ്ങൾ നിഷേധിച്ചിട്ടില്ല. എനിക്ക് ആ പെൺകുട്ടിയെ അറിയില്ല എന്നോ ഞാനങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്നോ രാഹുൽ പറഞ്ഞിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവർത്തികളെ കുറിച്ച് കോൺഗ്രസിനകത്തുള്ളവർ ഇപ്പൊ ആയിരിക്കില്ലല്ലോ അറിയുന്നത്. പല പരാതികൾ ഉണ്ടായിട്ടും നേരത്തെ അതൊന്നും നിയന്ത്രിച്ചില്ല നടപടിയെടുത്തില്ല എന്നുള്ളതാണ് മനസിലാകുന്നത്. എന്ത് മാത്രം അപജയമാണ് നമ്മുടെ സമൂഹത്തിൽ ഇത്തരക്കാർ ഉണ്ടാക്കി വെക്കുന്നത്. ഇതിനൊക്കെ എതിരെ ശക്തമായ നടപടി ഉണ്ടാവേണ്ടതാണ്.
പിന്നെ അവരുടെ പാർട്ടിക്കകത്ത് അവർക്ക് ഉചിതമെന്ന് തോന്നുന്ന തീരുമാനമാണ് അവരെടുക്കുന്നത്. പക്ഷെ ഈ നാട്ടിലെ ബഹുജനങ്ങൾ ഇക്കാര്യങ്ങളെല്ലാം മനസിലാക്കി കഴിഞ്ഞതാണ്.









0 comments