അപവാദപ്രചാരണം നടത്തിയവരെ വെറുതെ വിടില്ല; ശ്രമം രാഹുലിനെ രക്ഷിക്കാൻ- കെ ജെ ഷൈൻ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദപ്രചാരണങ്ങൾക്ക് പിന്നിലെന്ന് സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി അംഗം കെ ജെ ഷൈൻ. പ്രതിപക്ഷനേതാവ് അറിയാതെ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയരില്ല. കോൺഗ്രസിന്റെ നിസഹായവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് അവർ പറഞ്ഞു.
ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎൽഎയെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. അതിൽനിന്നും ശ്രദ്ധതിരിക്കാനായിരിക്കും തനിക്കെതിരെയുള്ള ഈ ആരോപണങ്ങൾ. സെപ്തംബർ 11ന് ഒരു പൊതുവേദിയിൽ വെച്ച് പ്രദേശിയ കോൺഗ്രസ് നേതാവ് ടീച്ചറെ ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും പറഞ്ഞിരുന്നു. എന്തു കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതാകാം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പുകമറ സൃഷ്ടിക്കുന്ന പോസ്റ്ററുകൾ പുറത്ത് വന്നത്. തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ടാണ് പരാതി നൽകാതിരുന്നത്.
വലതുപക്ഷ രാഷ്ട്രീയക്കാരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കടുത്ത സൈബർ ആക്രമണം ഉണ്ടായതോടെ പൊലീസിൽ പരാതി നൽകി. എസ്പി ഓഫിസിൽനിന്ന് വിളിപ്പിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമീഷനും പരാതി നൽകിയിട്ടുണ്ട്. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ല. സ്ത്രീകൾ വീട്ടിൽ മാത്രം ഇരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീകൾക്കെതിരെ അപവാദം പറഞ്ഞ് രസിക്കുന്നവരുണ്ട്. മനോവൈകൃതമുള്ളവർ എല്ലാ രംഗത്തുമുണ്ടെന്നും അവർ കൂട്ടിചേർത്തു.









0 comments