നാലുവർഷത്തിനിടെ 28,749 തൊഴിലവസരം , പ്രവർത്തനമാരംഭിച്ചത്‌ 443 പുതിയ യൂണിറ്റ്‌

നിക്ഷേപം 3357 കോടി , 28,749 തൊഴിൽ ; വ്യവസായ വളർച്ചയ്‌ക്ക്‌ കിൻഫ്രയും

kinfra
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jun 04, 2025, 02:15 AM | 1 min read


തിരുവനന്തപുരം

വ്യവസായ വികസനത്തിൽ കേരളത്തിന്റെ നമ്പർ വൺ കുതിപ്പിന്‌ കരുത്തു പകർന്ന്‌ കിൻഫ്ര. നാലുവർഷത്തിനിടെ 3357 കോടി രൂപയുടെ നിക്ഷേപമാണ്‌ കിൻഫ്ര (കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്ചർ ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ) വഴി വ്യവസായ വകുപ്പ്‌ സംസ്ഥാനത്തെത്തിച്ചത്‌. 28,749 പേർക്ക്‌ തൊഴിലും നൽകി . 443 പുതിയ യൂണിറ്റ്‌ പ്രവർത്തനം ആരംഭിച്ചു.


വ്യവസായ യൂണിറ്റുകൾക്കായി 322.6 ഏക്കർ ഭൂമിയും 6.9 ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാൻഡേർഡ്‌ ഡിസൈൻ ഫാക്ടറിയും അനുവദിച്ചു. ഇതിൽ മൂന്നിലൊന്നും സാധ്യമായത്‌ കഴിഞ്ഞ സാമ്പത്തിക വർഷം. 2024–-25ൽ 111.75 ഏക്കർ സ്ഥലം സംരംഭകർക്ക്‌ കൈമാറി. 47 പുതിയ യൂണിറ്റിനായി 1,56,000 ചതുരശ്രയടി കെട്ടിടം അനുവദിച്ചു. 1124 കോടിയുടെ നിക്ഷേപ പദ്ധതി ആരംഭിച്ചത്‌ ഒരുവർഷത്തിനകം.


വ്യവസായരംഗത്തെ വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 100 ശതമാനമാണ്‌ വർധന. 3330 കോടിയുടെ വിദേശ നിക്ഷേപമുണ്ടായി. കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിൽ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചിരുന്നു. ഇതിൽ പല പദ്ധതികൾക്കും തുടക്കം കുറിച്ചു.


രാജ്യത്ത്‌ ഒരേസമയം പദ്ധതിയിട്ട 11 വ്യവസായ ഇടനാഴികളിൽ ആദ്യത്തേത്‌ കേരളത്തിലാണ്‌. കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയിലെ പാലക്കാട്‌ വ്യവസായ സ്‌മാർട്ട്‌ സിറ്റിയിൽ 330 ഏക്കർ വ്യവസായ ഇടനാഴി വികസന കോർപറേഷന്‌ കൈമാറി. 1400 ഏക്കർ ഭൂമി സംരംഭ വികസനത്തിന്‌ ഉപയോഗിക്കാൻ ടെൻഡർ നടപടി ആരംഭിച്ചു.

കൊച്ചി കാക്കനാട്ട്‌ അന്താരാഷ്‌ട്ര പ്രദർശന–കൺവൻഷൻ സെന്ററും മട്ടന്നൂരിൽ സ്റ്റാൻഡേർഡ്‌ ഡിസൈൻ ഫാക്‌ടറിയും തുറന്നു.


സർക്കാർ ഇടപെടലാണ്‌ നേട്ടത്തിന്‌ പിന്നിലെന്ന്‌ കിൻഫ്ര എംഡി സന്തോഷ്‌ കോശി തോമസ്‌ പറഞ്ഞു. ഭൂമിയുടെ പാട്ടക്കാലാവധി വർധിപ്പിച്ചതിനൊപ്പം പ്രീമിയം ഗഡുവിലും അടയ്‌ക്കാനുള്ള സമയപരിധിയിലും ഇളവ്‌ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home