സ്‌കൂളുകൾക്ക് ഇന്ന് അവധി
കാലവർഷം വീണ്ടും ശക്തം ; 5 ജില്ലയിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം
സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും. തെക്കൻ മഹാരാഷ്ട്രയ്‌ക്ക് മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലും ചക്രവാതചുഴിയുണ്ട്. ഇത് കേരളത്തിലും ശക്തമായ പടിഞ്ഞാറൻകാറ്റ് തുടരാൻ കാരണമാകും.
കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ 19 വരെ മീൻപിടിക്കാൻ പോകരുത്. കാസർകോട് ജില്ലയിലെ നീലേശ്വരം, കാര്യങ്കോട്, ഉപ്പള, മൊഗ്രാൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല , തിരുവനന്തപുരത്തെ കരമന നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം. തിങ്കൾ രാത്രി 8.30വരെ കേരളതീരത്ത് മൂന്നുമുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഏഴു ദുരിതാശ്വാസ ക്യാമ്പിലായി 43 കുടുംബത്തിലെ 137 പേരെ മാറ്റി പാർപ്പിച്ചു. ജില്ലകളിൽ താലൂക്ക് കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്.
സ്‌കൂളുകൾക്ക് ഇന്ന് അവധി
തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ അവധി സ്കൂളുകൾക്ക് മാത്രമാണ്. കുട്ടനാട് താലൂക്കിലും അവധി പ്രഖ്യാപിച്ചു.









0 comments