നഗരനയത്തിനായി ഉയർന്നത് 300 നിർദേശങ്ങൾ : മന്ത്രി എം ബി രാജേഷ്

കൊച്ചി
നഗരനയരൂപീകരണവുമായി ബന്ധപ്പെട്ട് 300 നിര്‍ദേശങ്ങളാണ് കേരള അർബൻ കോൺക്ലേവിൽ ഉയര്‍ന്നുവന്നതെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗര തദ്ദേശസ്ഥാപനങ്ങളിൽനിന്നും കക്ഷി, രാഷ്ട്രീയ ഭേദമെന്യേ മികച്ച പങ്കാളിത്തം കോൺക്ലേവിലുണ്ടായി.
ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് രണ്ട് താല്‍പ്പര്യപത്രങ്ങള്‍ കോണ്‍ക്ലേവില്‍ ഒപ്പുവച്ചു. കിലയും ഐക്യരാഷ്ട്രസഭ സര്‍വകലാശാലയുടെ ഗവേഷണ സ്ഥാപനമായ യുഎൻയു–ക്രിസും തമ്മില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള താല്‍പ്പര്യപത്രം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. അനുമതി ലഭിച്ചാലുടന്‍ തുടർനടപടികള്‍ ആരംഭിക്കും.
അര്‍ബന്‍ കോണ്‍ക്ലേവിന്റെ നയപങ്കാളിയാകാനും നവകേരള നഗരനയത്തിന്റെ ഗ്ലോബല്‍ ഔട്ട് റീച്ചിനും യുഎന്‍ ഹാബിറ്റാറ്റുമായുള്ള താല്‍പ്പര്യപത്രവും ഒപ്പിട്ടു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ യുഎന്‍ ഹാബിറ്റാറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക അര്‍ബന്‍ ഫോറം അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ കേരളത്തിന്റെ നഗരനയം ചര്‍ച്ചയാകും.
നഗരവികസനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്രതല ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും പുറമെ കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് അന്താരാഷ്ട്ര പരിശീലനത്തിനടക്കം സാധ്യതകള്‍ തുറക്കും. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സൗഹാര്‍ദപരമായ നഗരാന്തരീക്ഷം സൃഷ്ടിക്കാനായി യുണിസെഫിന്റെയും കിലയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ചാര്‍ട്ടറും കോൺക്ലേവിൽ പുറത്തിറക്കിയെന്നും മന്ത്രി പറഞ്ഞു.









0 comments