ആദ്യ നഗരനയ രൂപീകരണത്തിന്‌ കേരളം

കേരള അർബൻ കോൺക്ലേവ് കൊച്ചിയിൽ

urban conclave
avatar
സ്വന്തം ലേഖകൻ

Published on Sep 09, 2025, 12:00 AM | 2 min read

കൊച്ചി : രാജ്യത്ത്‌ ആദ്യമായി സമഗ്ര നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള കേരള അർബൻ കോൺക്ലേവ് 12, 13 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ നടക്കും. ‘ആസ്പയറിങ് സിറ്റീസ്, ത്രൈവിങ്‌ കമ്യൂണിറ്റീസ്' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ്‌ 12ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി 11 മുതൽ 15 വരെ മറൈൻഡ്രൈവ്‌ മൈതാനത്ത്‌ പ്രദർശനവും നടക്കുമെന്ന്‌ തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിവേഗ നഗരവൽക്കരണമുണ്ടാക്കുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം, സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ്‌ നയരൂപീകരണത്തിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. നയരൂപീകരണത്തിന്റെ ഭാഗമായി രണ്ടുവർഷംമുന്പ്‌ വിദഗ്‌ധർ ഉൾപ്പെട്ട കമീഷനെ നിയോഗിച്ചിരുന്നു. പരിഗണനാവിഷയങ്ങളെ 10 മേഖലകളായി തിരിച്ച്‌ കമീഷൻ റിപ്പോർട്ട്‌ നൽകി. ഈ 10 മേഖലകളിൽ നടക്കുന്ന ചർച്ചകളിലൂടെ നഗരനയത്തിന്‌ കോൺക്ലേവ്‌ അന്തിമരൂപം നൽകും.

കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാ സമ്മർദങ്ങൾ, തൊഴിൽ- വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികൾ എന്നിവയും ചർച്ചയാകും. കേരള നഗരനയ കമീഷൻ ചെയർമാൻ പ്രൊഫ. എം സതീഷ്‌കുമാറും കൊച്ചി മേയർ എം അനിൽകുമാറും കമീഷൻ റിപ്പോർട്ട് അവതരിപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര നഗരകാര്യമന്ത്രി മനോഹർലാൽ ഖട്ടാർ മുഖ്യാതിഥിയാകും.​

വിദേശമന്ത്രിമാരും 
മേയർമാരും പങ്കെടുക്കും

കേന്ദ്രമന്ത്രിമാരും ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും പങ്കെടുക്കുന്ന പ്രത്യേക ഉന്നതതല സമ്മേളനം, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, മലേഷ്യ, മാലദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിലെ മേയർമാർ പങ്കെടുക്കുന്ന പ്രത്യേക സമ്മേളനം, കേരളത്തിലെ കോർപറേഷൻ മേയർമാരും മുനിസിപ്പൽ ചെയർപേഴ്‌സൺമാരും പങ്കെടുക്കുന്ന കൗൺസിലേഴ്സ് അസംബ്ലി എന്നിവയും നടക്കും.


തമിഴ്‌നാട്‌, ഹിമാചൽ പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മേയർമാരും പങ്കെടുക്കും. 10 നയരൂപീകരണ സെഷൻ, അഞ്ച് പ്ലീനറി സെഷൻ, രണ്ടു ഫോക്കസ് സെഷൻ, അഞ്ച് ഫയർസൈഡ് ചാറ്റ്‌, 11 റൗണ്ട് ടേബിൾ സെഷൻ എന്നിവ നടക്കും. വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. 13ന് വൈകിട്ട് നാലിന്‌ സമാപന സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റസിഡന്റ്‌ കോ–ഓർഡിനേറ്റർ ഷോംബി ഷാർപ്പ് മുഖ്യാതിഥിയാകും.

11 മുതൽ 15 വരെ മറൈൻഡ്രൈവിൽ നടക്കുന്ന പ്രദർശനത്തിൽ കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങൾ, നവീന സാങ്കേതികവിദ്യ, സുസ്ഥിര മാതൃക എന്നിവ പ്രദർശിപ്പിക്കും.

വാർത്താസമ്മേളനത്തിൽ മന്ത്രി പി രാജീവ്‌, മേയർ എം അനിൽകുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, നഗരകാര്യവകുപ്പ് ഡയറക്ടർ സൂരജ് ഷാജി, ഗ്രാമകാര്യവകുപ്പ് ഡയറക്ടർ അപൂർവ ത്രിപാഠി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home