മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
കേരള അര്‍ബന്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം ; 29 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍

കൊച്ചി
കേരളത്തിന്റെ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025’ന് വെള്ളിയാഴ്‌ച കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കം. "ആസ്പിയറിങ് സിറ്റീസ്, ത്രൈവിങ് കമ്യൂണിറ്റീസ്' എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.
രണ്ടു ദിവസങ്ങളില്‍ 36 സെഷനുകളിലായി 295 പ്രഭാഷകര്‍ പങ്കെടുക്കും. മൂന്ന് ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറങ്ങളും അഞ്ചു പ്ലീനറി സെഷനുകളും 10 നയരൂപീകരണ സെഷനും രണ്ട് ഫോക്കസ് സെഷനും അഞ്ച് ഫയര്‍സൈഡ് ചാറ്റും 11 വട്ടമേശ സമ്മേളനങ്ങളും ഉണ്ടാകും.
ഉദ്ഘാടന സമ്മേളനത്തിനുശേഷം വിദേശരാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറം ഓഫ് മിനിസ്റ്റേഴ്‌സും ഉച്ചയ്ക്കുശേഷം കേരളത്തിലെ മുഴുവന്‍ കോര്‍പറേഷന്‍ മേയര്‍മാരും മുനിസിപ്പൽ ചെയര്‍പേഴ്‌സണ്‍മാരും പങ്കെടുക്കുന്ന കൗണ്‍സിലേഴ്‌സ് അസംബ്ലിയും നടക്കും.
ആറ് നയരൂപീകരണ സെഷനും അഞ്ച് പ്ലീനറി സെഷനും അഞ്ച് ഫയര്‍സൈഡ് ചാറ്റുകളും ആറ് വട്ടമേശ സമ്മേളനവും ഒരു ഫോക്കസ് സെഷനും ആദ്യദിനം നടക്കും. ശനി വൈകിട്ട് നാലിന് സമാപന സമ്മേളനം തദ്ദേശമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.
29 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍
സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും നീല സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ‘ബ്ലൂ ടൈഡ്സ് കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവില്‍ 29 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന ഫിഷറീസ് വകുപ്പും കേന്ദ്രസര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം 18നും 19നും കോവളം ദി ലീല റാവിസിലാണ് നടക്കുന്നത്. ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാനപതി ഹെര്‍വ് ഡെല്‍ഫിന്‍ പങ്കെടുക്കും.
ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഹംഗറി, പോളണ്ട്, സ്ലോവാക്യ, സ്ലൊവേനിയ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ, മാള്‍ട്ട, സ്പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, റൊമേനിയ, ജര്‍മനി എന്നീ രാജ്യങ്ങൾ പങ്കാളിത്തം സ്ഥിരീകരിച്ചതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നയതന്ത്രജ്ഞര്‍, നയരൂപീകരണ– വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, അക്കാദമിക് വിദഗ്‌ധർ എന്നിവര്‍ പങ്കെടുക്കും. സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതി സംരക്ഷണം, സാമൂഹിക തുല്യത എന്നിവ ചേര്‍ന്നുള്ള ഭാവിയിലേക്കുള്ള ചുവടുവയ്പാണ് ലക്ഷ്യം.
സമുദ്രതീര സാധ്യതകളും യൂറോപ്യന്‍ യൂണിയന്റെ ശാസ്ത്രീയ -നയ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സുസ്ഥിര സമുദ്രാധിഷ്ഠിത വികസന മാതൃകയായി വികസിപ്പിക്കാനുള്ള രൂപരേഖ അവതരിപ്പിക്കും. മറൈന്‍ ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങള്‍, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗസാധ്യതയുള്ള ഉൗർജസ്രോതസുകൾ, ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ പങ്കാളിത്തവും സമ്മേളനം ചര്‍ച്ച ചെയ്യും.









0 comments