ഡിജിറ്റൽ സർവകലാശാല വി സി നിയമനം: ഭേദഗതിക്കുള്ള കരട് ഓർഡിനൻസ് അംഗീകരിച്ചു | മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു. സർവകലാശാല ആക്റ്റിലെ 11-ാം വകുപ്പിൻ്റെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓർഡിനൻസ് വിളംബരപ്പെടുത്തുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്വാതന്ത്യ ദിനാഘോഷം: പരേഡുകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ.
കൊല്ലം - വി. ശിവൻകുട്ടി
പത്തനംതിട്ട - വീണാ ജോർജ്ജ്
ആലപ്പുഴ - സജി ചെറിയാൻ
കോട്ടയം - ജെ. ചിഞ്ചുറാണി
ഇടുക്കി - റോഷി അഗസ്റ്റിൻ
എറണാകുളം - പി. രാജീവ്
തൃശൂർ - ആർ. ബിന്ദു
പാലക്കാട് - എം.ബി. രാജേഷ്
മലപ്പുറം - കെ. രാജൻ
കോഴിക്കോട് - എ.കെ. ശശീന്ദ്രൻ
വയനാട് - ഒ.ആർ. കേളു
കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് - കെ. കൃഷ്ണൻകുട്ടി
പുനർനിയമനം
സംസ്ഥാന ആസുത്രണ ബോർഡ് എക്സ്പേർട്ട് മെമ്പറായി അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചുവരവെ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വിരമിച്ച പ്രൊഫ. മിനി സുകുമാറിന് ആസുത്രണ ബോർഡ് എക്സ്പേർട്ട് മെമ്പറായി പുനർനിയമനം നൽകും.
തസ്തിക
എറണാകുളം നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ മൂന്ന് എച്ച്.എസ്.എസ്.റ്റി തസ്തികകളും രണ്ട് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും ഒരു ലാബ് അസിസ്റ്റന്റ് തസ്തികയും പുതുതായി സൃഷ്ടിക്കും. ഒരു എച്ച്.എസ്എസ്.റ്റി-ജൂനിയർ (ഇംഗ്ലീഷ്) തസ്തിക എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) തസ്തികയായി ഉയർത്തും.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ് വിഭാഗം സെക്ഷൻ ഓഫീസിൽ നിലനിൽക്കുന്ന അധിക ജോലി ഭാരം പരിഗണിച്ച്, രണ്ട് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കും.
ഇളവ് അനുവദിക്കും
നഗരസഭകൾ, നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരമുള്ള വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളിൽ ഇളവ് അനുവദിക്കും.
സബ്‌സിഡി മാർഗ്ഗരേഖയിലെ ഭൂമി വാങ്ങുന്നതും ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമാണ് ഇളവ് അനുവദിക്കുക.
ഭവന നിർമ്മാണത്തിനുള്ള ഭൂമിയിൽ ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് ഭവന നിർമ്മാണം നടത്താൻ സാധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന നിബന്ധനയോടെ ഭവന നിർമ്മാണത്തിന് ധനസഹായം നല്കുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി 3 സെൻ്റിൽ നിന്നും 2 സെൻ്റായി കുറയ്ക്കും.
വീട് നിർമ്മാണത്തിന് റവന്യു ഭൂമിയോ മറ്റൊരു തരത്തിലുമുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കുന്ന തുകയ്ക്ക് ഉപരിയായി ആവശ്യകതയ്ക്കനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരമാവധി 2 ലക്ഷം രൂപ കൂടി നൽകും. വീടോ ഭൂമിയോ കിട്ടുന്നവർ 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല.
ശമ്പള സ്കെയിൽ
ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളുകളിൽ പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കുന്നതിന് മുമ്പ് പ്ലെയിസ്ഡ് പ്രിൻസിപ്പൽമാരായി ജോലി ചെയ്തിരുന്ന 18 പേർക്ക് കൂടി ഹയർസെക്കൻററി പ്രിൻസിപ്പൽ തസ്തികയുടെ ശമ്പള സ്കെയിൽ അനുവദിക്കും. 2006 ജനുവരി 06 മുതൽ പ്രബല്യമുണ്ടാകും.
തുടർച്ചാനുമതി
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ (എൽ.എ) യൂണിറ്റ് നമ്പർ 1 സ്പെഷ്യൽ തസഹസിൽദാരുടെ കാര്യാലയത്തിലെയും 29 തസ്തികകൾ ഉൾപ്പെടെ 203 താല്ക്കാലിക തസ്തികകളും ഇടുക്കി ജില്ലയിലെ പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ ആകെ 222 താല്ക്കാലിക തസ്തികകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകി.
ഇടുക്കി ജില്ലയിലെ പീരുമേട് പ്രത്യേക ഭൂമി പതിവ് ഓഫീസിലെ 19 തസ്തികകളിൽ ഡെപ്യൂട്ടി തഹസിൽദാർ - 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. ജൂനിയർ ക്ലർക്ക്/വി.എ. തസ്തികകളിൽ നടത്തേണ്ടത്. 2, ടൈപ്പിസ്റ്റ് - 1, പ്യൂൺ - 1 എന്നീ 8 താല്കാലിക ജോലിക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത്.
പീരുമേട് ഭൂമി പതിവ് ഓഫീസ് ഒഴികെ മറ്റ് ഓഫീസുകളിൽ ജോലിക്രമീകരണ വ്യവസ്ഥയിലുള്ള നിയമനങ്ങൾ അനുവദിക്കില്ല.
ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തന പുരോഗതി കൃത്യമായ ഇടവേളകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ അവലോകനം ചെയ്ത് സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
പട്ടയം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ത്വരിതപ്പെടുത്തണം.









0 comments