അധ്വാനത്തിന് ഇരട്ടി വില: കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെ

തിരുവനന്തപുരം: കേരളത്തിൽ തൊഴിലാളികളുടെ കൂലി നിരക്ക് ദേശീയശരാശരിയുടെ ഇരട്ടിയിലധികം. സംസ്ഥാനത്ത് ഗ്രാമങ്ങളിൽ ദിവസ വേതനം ശരാശരി 771.10 രൂപയാണ്. ദേശീയ ശരാശരി 372.05 രൂപമാത്രവും. ഗ്രാമങ്ങളിൽ കാർഷികമേഖലയിൽ പുരുഷതൊഴിലാളികളുടെ ശരാശരി കൂലി 807.2 രൂപയാണ്. 372.7 രൂപയാണ് ദേശീയ ശരാശരി. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്‌മീരിൽ വേതനം 566.10 രൂപയാണ്. ജമ്മു കശ്‌മീരിലെ വേതനത്തേക്കാൾ 42.6 ശതമാനവും ദേശീയ നിരക്കിനേക്കാൾ 116.6 ശതമാനവും കൂടുതലാണ് കേരളത്തിലെ കൂലി.
കാർഷികേതരമേഖലയിലെ പുരുഷ തൊഴിലാളികളുടെ ശരാശരി വേതനം കേരളത്തിൽ ഗ്രാമങ്ങളിൽ 735 രൂപയാണ്. ദേശീയതലത്തിൽ ഇത് 371.40 രൂപയും. രണ്ടാം സ്ഥാനത്തുള്ള ജമ്മു കശ്‌മീരിൽ 538.90ആണ് പ്രതിദിന കൂലി. മൂന്നാമത് തമിഴ്‌നാടാണ്, 519.10 രൂപ. ഉയർന്ന മാനവ വികസന സൂചിക, സാമൂഹ്യ ചുറ്റുപാടുകൾ, രാഷ്‌ട്രീയ കാഴ്‌ചപ്പാട്, തൊഴിലാളി സംഘടനകളുടെയും ക്ഷേമ ബോർഡുകളുടെയും ഇടപെടൽഎന്നിവയാണ് കേരളത്തിലെ ഉയർന്ന കൂലി നിരക്കിന് കാരണമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു.
സംസ്ഥാനത്ത് 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം നടപ്പാക്കിയിട്ടുണ്ട്. 28 തൊഴിലാളി ക്ഷേമനിധി ബോർഡുകളുണ്ട്. ഇതിൽ തൊഴിൽ വകുപ്പിലുള്ള 16 ക്ഷേമനിധി ബോർഡുകളിലായി 58.70 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments