സാങ്കേതിക സര്‍വകലാശാല ; റെഗുലര്‍ സിന്‍ഡിക്കറ്റ് യോഗം നടന്നിട്ട് 9 മാസം

തിരുവനന്തപുരം
എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ റെഗുലർ സിൻഡിക്കറ്റ് യോഗം ചേർന്ന് തീരുമാനങ്ങളെടുത്തിട്ട് ഒമ്പത് മാസം. ഒക്ടോബറിലാണ് സർവകലാശാലയിൽ അവസാനമായി പൂർണ സിൻഡിക്കറ്റ് ചേർന്നത്.
നവംബറിൽ ഡോ. കെ ശിവപ്രസാദ് താൽക്കാലിക വിസിയായി ചുമതലയേറ്റശേഷം യോഗം വിളിക്കണമെന്ന് സിൻഡിക്കറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വിസി തയ്യാറായില്ല. നിരന്തര ആവശ്യത്തെ തുടർന്ന് ജനുവരിയിൽ 63–-ാമത് സിൻഡിക്കറ്റ് യോഗം ചേർന്നു. എന്നാൽ, ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർവകലാശാലയിലെ കോൺഗ്രസ് സംഘടനാ നേതാവ് കുറ്റകാരനായ പി എഫ് തിരിമറിക്കേസ് ചർച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ യോഗം പിരിച്ചുവിട്ടു. യോഗതീരുമാനങ്ങളെല്ലാം വിസി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പിന്നീട് മാർച്ച് 14ന് 64–-ാം സിൻഡിക്കറ്റ് യോഗം ചേരാനായി വിസി അംഗങ്ങൾക്ക് നോട്ടീസ് നൽകി. എന്നാൽ, യോഗത്തിന് മൂന്നുദിവസം മുമ്പ് 63-–-ാം യോഗമാണ് നടക്കുന്നതെന്നറിയിച്ച് വീണ്ടും നോട്ടീസ് നൽകി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവിരുദ്ധമാണെന്നും സിൻഡിക്കറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും വിസി നടപടികളുമായി മുന്നോട്ടുപോയി. കോടതിയലക്ഷ്യമാകുമെന്ന് അറിയിച്ച് സിൻഡിക്കറ്റ് അംഗങ്ങൾ വിട്ടുനിന്നു. ഇതിനുശേഷം റെഗുലർ സിൻഡിക്കറ്റ് നടന്നിട്ടില്ല.
സർവകലാശാല ചട്ടങ്ങൾക്ക് അനുസരിച്ച് ബജറ്റ് പാസാക്കാനുള്ള യോഗമെങ്കിലും നടത്തണമെന്ന് ജീവനക്കാരും സിൻഡിക്കറ്റ് അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും ഡോ. കെ ശിവപ്രസാദ് തയ്യാറായില്ല. ഇതാണ് സർവകലാശാലയിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. നിർണായക തീരുമാനങ്ങൾ എടുക്കേണ്ട ഭരണസമിതി യോഗങ്ങൾ വിളിച്ചുകൂട്ടാതെ വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് തനിക്ക് ഇഷ്ടമുള്ളവ മാത്രമാണ് ശിവപ്രസാദ് ഇക്കാലയളവിൽ നടത്തിയിട്ടുള്ളത്. വൈസ് ചാൻസലർ ഓഫീസിൽ ആർഎസ്എസ് - കോൺഗ്രസ് അനുഭാവികളെ നിയമിക്കുകയും ചെയ്തു. ഒഴിവുവന്ന തസ്തികകളൊന്നും യഥാസമയം റിപ്പോർട്ട് ചെയ്തുമില്ല.







0 comments