കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണം; സെപ്തംബർ 20ന് അധ്യാപക ധർണ- കെഎസ്ടിഎ

ksta
വെബ് ഡെസ്ക്

Published on Sep 06, 2025, 07:35 PM | 1 min read

തിരുവനന്തപുരം : അഞ്ച് വർഷത്തിലധികം സർവീസ് ഉള്ള രാജ്യത്തെ മുഴുവൻ അധ്യാപകരും 2 വർഷത്തിനുള്ളിൽ ടെറ്റ് പരീക്ഷ എഴുതി വിജയിക്കണമെന്ന് നിഷ്കർഷിക്കുന്ന സുപ്രീംകോടതി സംസ്ഥാനത്തെ വലിയൊരു വിഭാഗം അധ്യാപകരെ പ്രതികൂലമായി ബാധിക്കുമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്ടിഎ). അധ്യാപക മേഖലയിൽ സങ്കീർണമായ പ്രശ്‌നങ്ങളുമുണ്ടാകുമെന്നും ഈ സാഹചര്യത്തിൽ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കെഎസ്‌ടിഎ ആവശ്യപ്പെട്ടു. ഈ ആവശ്യമടക്കം ഉന്നയിച്ച് സ്കൂ‌ൾ ടീച്ചേഴ്‌സ് ഫെഡറഷൻ ഓഫ് ഇന്ത്യ (എസ്‌ടിഎഫ്ഐ) നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസുകൾക്ക് മുൻപിലും സെപ്തംബർ 20 ന് കെഎസ്ടിഎയുടെ നേതൃത്വത്തിൽ ധർണ നടത്തുമെന്നും കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു


പുതിയ വിധി പ്രകാരം 5 വർഷത്തിൽ താഴെ സർവീസ് ഉള്ളവർക്ക് ജോലിയിൽ തുടരാമെങ്കിലും സ്ഥാനക്കയറ്റങ്ങൾക്ക് പരിഗണിക്കില്ല. കേന്ദ്ര സർക്കാർ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച സർക്കുലറുകൾ എന്നിവ മുൻനിർത്തിയാണ് വിധി പ്രഖ്യാപിച്ചിട്ടുള്ളത്.


കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ നടപ്പിലാക്കിയ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലാണ് രാജ്യത്ത് അധ്യാപകർക്കായി യോഗ്യത പരീക്ഷയായ ടെറ്റ് നിഷ്കർഷിക്കപ്പെട്ടത്. നിയമം പാസാവുന്നതിനു മുമ്പ് സർവീസിൽ വന്നവർ 5 വർഷംകൊണ്ട് പരീക്ഷയിൽ ജയിക്കണമെന്ന് പ്രസ്‌തുത നിയമത്തിൽ പറയുന്നു. തുടർന്ന് 2017 ൽ മോദി സർക്കാർ നടത്തിയ ഭേദഗതിയിലൂടെ ഇത്തരം അധ്യാപകരെ 2019ൽ പിരിച്ചു വിടുമെന്നും വ്യക്തമാക്കി.


ഒരു തൊഴിൽ മേഖലയിൽ പുതിയ യോഗ്യതകൾ നിഷ്‌കർഷിക്കുമ്പോൾ നിലവിലുള്ളവർക്ക് ഇളവുകൾ നൽകാറുണ്ട്. എന്നാൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളിൽ ഒന്നിലും ഇത്തരം സംരക്ഷണം നൽകിയിട്ടില്ല. അധ്യാപകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ മുഴുവൻ അധ്യാപകരെയും വിദ്യാഭ്യാസ മേഖലയെയും ദോഷകരമായി ബാധിക്കുന്ന സ്ഥിതിയുണ്ടായിട്ടും മൗനം തുടരുന്ന കേന്ദ്ര ഭരണാധികാരികളുടെ നടപടി ദുരൂഹമാണെന്നും കെഎസ്ടിഎ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home