ഇന്ന് ലോക വനദിനം
കേരളത്തിലെ വനവിസ്തൃതി കുത്തനെ കൂടി: 15 വർഷത്തിനകം 222 ചതുരശ്ര കിലോമീറ്റർ വർധന


എം സനോജ്
Published on Mar 21, 2025, 12:17 PM | 3 min read
നിലമ്പൂര്‍: കേരളത്തിലെ വനവിസ്തൃതി കഴിഞ്ഞ 15 വർഷത്തിനകം 222.4326 ചതുരശ്ര കിലോമീറ്റർ വർധിച്ചതായി വനം വകുപ്പ് റിപ്പോർട്ട്. വനംവകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോട്ടിലാണ് വർധനവ് സംബന്ധിച്ച കണക്കുകൾ.
2024 ൽ 11531.908 ചതുരശ്രകിലോമീറ്റർ വനഭൂമിയാണ് കേരളത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്. 2009 ലെ വനംവകുപ്പ് സ്റ്റാസ്റ്റിക്കൽ റിപ്പോർട്ട് അനുസരിച്ച് ഇത് 11309.4754 ച. കി. മീ ആയിരുന്നു. ഇതുപ്രകാരം പതിനഞ്ച് വർഷം കൊണ്ട് 222.4326 ചതുരശ്ര കിലോ മീറ്റർ വർധന രേഖപ്പെടുത്തിയിരിക്കുന്നു.
2009 ലെ കണക്കുകൾ
2009 ലെ വനംവകുപ്പ് സ്റ്റാസ്റ്റിക്കൽ റിപ്പോർട്ട് അനുസരിച്ച് 11309.4754 ച. കി. മീ വനവിസ്തൃതിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. റിസര്‍വ് വനങ്ങള്‍ (9107.2066 ച.കി.മീ), റിസര്‍വ് വനമാക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി (364.4731 ച.കി.മീ), നിക്ഷിപ്ത വനങ്ങള്‍(1837.7957 ച.കി.മീ) എന്നിങ്ങനെയാണ് വനംവകുപ്പ് കണക്ക്പ്രകാരം സംസ്ഥാനത്തുണ്ടായിരുന്നത്.
ഓരോ വർഷവും വർധന
2015 വരെ തല്‍സ്ഥിതി തുടര്‍ന്നതായി റിപ്പോർട്ട് പറയുന്നു. 2016 ൽ 11524.411 ചതുരശ്രകിലോമീറ്ററും 2017 (11521.813 ച.കി.മീ ) 2018 (11520.058 ച.കി.മീ) 2019 (11521.993 ച.കി.മീ) 2020 (1154.149 ച.കി.മീ ) 2021 (11531.139 ച.കി.മീ) എന്നിങ്ങനെ വർധിച്ചു.
കഴിഞ്ഞ വർഷത്തെ കണക്ക്
2024 ല്‍ റിസര്‍വ് വനങ്ങള്‍ (6442.771 ച.കി.മീ), റിസര്‍വ് വനമാക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി (302.379 ച.കി.മീ). നിക്ഷിപ്ത വനങ്ങള്‍ (1583.584 ച.കി.മീ) പരിസ്ഥിതി ലോലപ്രദേശം (136.990 ച.കി.മീ), സംരക്ഷിതമേഖല (3066.184 ച.കി.മീ) എന്നിവ ഉള്‍പ്പെടെ 11531.908 ചതുരശ്രകിലോമീറ്റര്‍ വനഭൂമിയാണ് കേരളത്തിലുള്ളത്.
സർക്കിൾ ഡിവിഷൻ തലങ്ങളിൽ
സതേണ്‍ സര്‍ക്കിളില്‍ (2324.632. ച.കി.മീ), ഹൈറേഞ്ച് സര്‍ക്കിള്‍ (1909.501 ച.കി.മീ), സെന്‍ട്രല്‍ സര്‍ക്കിള്‍ (1385.527 ച.കി.മീ), ഈസ്റ്റേണ്‍ സര്‍ക്കിള്‍ (1822.925 ച.കി.മീ), നോര്‍ത്തേണ്‍ സര്‍ക്കിള്‍ (1110.540 ച.കി.മീ), എബിപി വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ (385.616 ച.കി.മീ), പ്രൊജക്ട് ടൈഗര്‍ കോട്ടയം വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ (1297.276 ച.കി.മീ), വൈല്‍ഡ് ലൈഫ് പാലക്കാട് (1287.372 ച.കി.മീ) വനപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റുഡിവിഷനുകള്‍ ( 8.518 ച.കി.മീ) എന്നിങ്ങനെയാണ് സര്‍ക്കിള്‍, ഡിവിഷന്‍ തലത്തില്‍ വനംവകുപ്പ് തരംതിരിച്ചിരിക്കുന്നത്.

ഇടതൂർന്ന വനം 9182.292 ച കി.മി
ഇവയില്‍ 9182.292 ചതുരശ്രകിലോമീറ്റര്‍ വനം ഇടതൂര്‍ന്നതും അല്ലാത്തതുമായ വനമേഖലയാണ്. 1400.15 ചതുരശ്രകിലോമീറ്റര്‍ തോട്ടങ്ങളും 565.28 ചതുരശ്രകിലോമീറ്റര്‍ പാട്ടത്തിന് നല്‍കിയതും 384.178 ചതുരശ്രകിലോമീറ്റര്‍ 1980 ലെ എഫ് സി ആക്ട് പ്രകാരം തരംമാറ്റിയഭൂമിയുമാണ്.
തേക്കിന് മുന്തിയ പരിഗണന
വനംവകുപ്പിന് കീഴില്‍ ഏറ്റവും കൂടുതലുള്ളത് തേക്ക് തോട്ടങ്ങളാണ്. 58837.184 ഹെക്ടര്‍ തേക്ക് തോട്ടങ്ങളാണ് വനംവകുപ്പ് പരിപാലിക്കുന്നത്. 2180.579 ഹെക്ടര്‍ ഔഷധ തോട്ടങ്ങളും 2808.57 ഹെക്ടര്‍ കശുമാവും 2887.69 ഹെക്ടര്‍ വള്ളിചൂരലും 362.926 ഹെക്ടര്‍ റോസ് വുഡും(ഈട്ടി), 460.643 ഹെക്ടര്‍ മഹാഗണിയും 186.840 ഹെക്ടര്‍ ചന്ദനവും 616.42 ഹെക്ടര്‍ ആഞ്ഞലിയും 546.400 ഹെക്ടര്‍ പൈന്‍ മരങ്ങളും തുടങ്ങി 41 ഇനം തോട്ടങ്ങള്‍ വനംവകുപ്പിന്‍റെ കീഴിലുണ്ട്. ആകെ 140014.623 ഹെക്ടര്‍ തോട്ടഭൂമിയാണ് വനംവകുപ്പിനുള്ളത്.
തേക്കുതടിയിൽ നിന്ന് വന്‍ലാഭം
2016 മുതല്‍ 2025 വരെ വനംവകുപ്പിന്‍റെ വിവിധ ഡിവിഷനുകളിലായി ലേലം ചെയ്ത തേക്കുകളില്‍ മികച്ചവരുമാനമാണ് വനംവകുപ്പിന് ലഭിച്ചത്. തിരുവനന്തപുരം, പുനലൂര്‍, കോട്ടയം, പെരുമ്പാവൂര്‍, പാലക്കാട്, കോഴിക്കോട് ഡിവിഷനുകളില്‍ നിന്നായി 220322.26 ക്യൂബിക് മീറ്റര്‍ തേക്ക് വില്‍പന നടത്തി. നികുതി ഇനത്തില്‍ 799.88 കോടിയും വിലയായി 1393.18 കോടി രൂപയും വനംവകുപ്പിന് ലഭിച്ചു. ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് പെരുമ്പാവൂര്‍ ഡിവിഷനിലാണ് 73567.472 ക്യൂബിക് മീറ്റര്‍ തേക്ക്തടിയാണ് വില്‍പന നടന്നത്.

വനഭൂമി കയ്യേറ്റവും വർധിക്കുന്നു
2009 ല്‍ ഏഴ് സര്‍ക്കിളുകളിലായി 6807.884 ഹെക്ടര്‍ വനഭൂമിയിലാണ് കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുള്ളത്. 2024 ല്‍ 4974.5539 ഹെക്ടര്‍ വനഭൂമിയിലാണ് കയ്യേറ്റം നിലവിലുള്ളത്. 1977 ശേഷമുള്ള വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 2015 ല്‍ ഹൈക്കോടതി ഉത്തരിവിട്ടിരുന്നു.
വനാവരണം
1968 ലെ ചാമ്പ്യൻ സേത്ത് റിപ്പോർട്ടിൽ കേരളത്തില്‍ 26 തരം വനങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉഷ്ണമേഖല നിത്യഹരിത വനങ്ങള്‍, അര്‍ദ്ധ നിത്യ ഹരിതവനങ്ങള്‍, ഈര്‍പ്പമുള്ള മിശ്ര ഇലപൊഴിയും വനങ്ങള്‍, വരണ്ട മിശ്ര ഇലപൊഴിയും വനങ്ങള്‍, ആര്‍ദ്ര പര്‍വത മിതശീതോഷ്ണ വനങ്ങള്‍, മിതോഷ്ണ വനങ്ങള്‍, മിതോഷ്ണ പുല്‍മേടുകള്‍, കല്‍ക്കാടുകള്‍ എന്നിവ പ്രധാനമാണ്. മുളങ്കാടുകള്‍, ചൂരല്‍ക്കാടുകള്‍, ഈറ്റക്കാടുകള്‍, കരിമ്പിന്‍ കാടുകള്‍, കുറ്റിക്കാടുകള്‍, ലാറ്ററൈറ്റ് മുള്‍വനങ്ങള്‍, മിരിസ്റ്റിക്ക ചതുപ്പ് വനങ്ങള്‍ എന്നിവയും സംസ്ഥാനത്ത് കാണപ്പെടുന്നു. 1944.32 ചതുരശ്രകിലോമീറ്റര്‍ നിബിഡ വനങ്ങളും 9472.00 ചതുരശ്രകിലോമീറ്റര്‍ അര്‍ദ്ധനിബിഡ വനങ്ങളും 9837.17 ചതുരശ്രകിലോമീറ്റര്‍ തുറസ്സായ വനങ്ങളും കേരളത്തിലുള്ളതായി സംസ്ഥാന ജൈവവൈവിധ്യ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
അധിനിവേശ സസ്യങ്ങളെ പിഴുതെറിയാന്‍
മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെ പൈലറ്റ് പദ്ധതികളിലൊന്നായ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനത്തിന്‍റെ ഭാഗമായി പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ദോഷമായ അധിനിവേശ സസ്യങ്ങളയെും ഏകവിളതോട്ടങ്ങളെയും ഘട്ടം ഘട്ടമായി സ്വാഭാവിക വനങ്ങളാക്കി നീക്കം ചെയ്യുന്ന പ്രവൃത്തി വേഗത്തിലാക്കി വനംവകുപ്പ്. ഇതിനോടെകം സംസ്ഥാനത്ത 1346.54 ഹെക്ടര്‍ സ്ഥലത്തെ അധിവേശ സസ്യങ്ങളെ ഒഴിവാക്കി ഫല ഔഷധ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. സതേണ്‍ സര്‍ക്കള്‍ (235 ഹെക്ടര്‍), ഹൈറേഞ്ച് സര്‍ക്കിള്‍ ( 195.22 ഹെക്ടര്‍), സെന്‍ട്രല്‍ സര്‍ക്കിള്‍ (447.55 ഹെക്ടര്‍), നോര്‍ത്തേണ്‍ സര്‍ക്കിള്‍ ( 107.27 ഹെക്ടര്‍), അഗസ്ത്യവനം ബയോളിക്കല്‍ പാര്‍ക്ക് ( 50 ഹെക്ടര്‍), ഫീല്‍ഡ് ഡയറക്ടര്‍ കോട്ടയം( 311.50 ഹെക്ടര്‍) എന്നീങ്ങനെയാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ ഏട്ട് സര്‍ക്കിളുകളിലായി നബാര്‍ഡ്, ആര്‍ കെ ഡി പി പദ്ധതികളില്‍ ഉള്‍പ്പെടുത്തി 5585.57 ഹെക്ടര്‍ സ്ഥലത്ത് പദ്ധതി പുരോഗമിക്കുകയാണ്. 1555.70 ഹെക്ടര്‍ സ്ഥലത്ത് നടപ്പാക്കാനുള്ള പ്രൊപ്പോസല്‍ തയ്യാറായിട്ടുണ്ട്. സംസ്ഥാനത്താകെ 27000 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വന്യജീവികളുടെ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിന് കാട്ടിനുള്ളില്‍ മുള, ഈറ്റ, പ്ലാവ്, നെല്ലി, കമ്പകം, പൂവം, താന്നി, വേപ്പ്, ഞാവല്‍, വട്ട, സീതപഴം, മാവ്, പുന്ന, മലവേപ്പ് എന്നിവയാണ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്. പ്രധാനമായും പരിസ്ഥിതിക്ക് ദോഷകരമായ അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റ്സ്, സെന്ന എന്നീ വൃക്ഷങ്ങളും വിദേശ ഏകവിളതോട്ടങ്ങളുമാണ് പദ്ധതിയുടെ ഭാഗമായി ഘട്ടം ഘട്ടമായി നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്.









0 comments