കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയാൻ പൊലീസിന്റെ സോഫ്‌റ്റ്‌വെയർ


ശ്രീരാജ് ഓണക്കൂർ
Published on Oct 12, 2025, 02:39 AM | 1 min read
കൊച്ചി
കൊച്ചുകുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് തടയിടാന്‍ പുതിയ സോഫ്റ്റ്‌വെയര്‍ ടൂളുമായി കേരള പൊലീസ്. ‘ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍സ്' എന്നറിയപ്പെടുന്ന ലക്ഷക്കണക്കിന് ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇതില്‍നിന്ന് ഇരയെ കണ്ടെത്താനും വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍നിന്ന് നീക്കാനും ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും.
എഐ ടൂള്‍ ഉപയോഗിച്ച് ചിത്രത്തിൽനിന്നും വീഡിയോയിൽനിന്നും ഇരയെ നീക്കും. ചിത്രത്തില്‍ ദൃശ്യമാകുന്ന മറ്റ് വസ്തുക്കള്‍ നിർമിതബുദ്ധിയുടെ സഹായത്തോടെ ഓരോ ഭാഗങ്ങളാക്കും (ഇമേജ് സെഗ്‌മന്റേഷൻ). ഇരയെ ഒഴിവാക്കിയശേഷമുള്ള ചിത്രത്തിന്റെയോ വീഡിയോയുടെയോ പശ്‌ചാത്തലത്തിലുള്ള വസ്‌തുക്കൾ തിരിച്ചറിയാൻ പ്രത്യേക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഇത് കണ്ടെത്തി തിരിച്ചറിയുന്നവർക്ക് പൊലീസിനെ വിവരം അറിയിക്കാം. ഇതിലൂടെ കുറ്റവാളിയെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സൈബർ ഓപ്പറേഷൻസ് എസ്‌പി അങ്കിത് അശോകൻ പറഞ്ഞു.
ഇത്തരം ചിത്രങ്ങളോ വീഡിയോകളോ പ്രചരിക്കുന്നത് തടയണമെന്നും വെബ്‌സൈറ്റിൽ അറിയിക്കാം. പ്രചരിക്കുന്ന വീഡിയോയുടെയോ ചിത്രത്തിന്റെയോ ഹാഷ് വാല്യു ഇൻസ്‌റ്റഗ്രാം, ഫെയ്‌സ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമ സ്ഥാപനങ്ങളെ പൊലീസ് അറിയിക്കും. ഇൗ ഹാഷ് വാല്യൂ മനസ്സിലാക്കിയാൽ ഇത്തരം വീഡിയോകളോ ചിത്രങ്ങളോ പ്രചരിക്കുന്നത് തടയാൻ സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് സാധിക്കും.









0 comments