പൊലീസ് –ബാങ്ക് സംയുക്ത പ്രതിരോധം സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കും
സൈബര്‍ സാമ്പത്തിക തട്ടിപ്പ് തടയൽ ; പഴുതടച്ച സുരക്ഷയുമായി കേരളം

തിരുവനന്തപുരം
വർധിച്ച് വരുന്ന സൈബര്‍ സാമ്പത്തിക തട്ടിപ്പുകൾ തടയാനായി പഴുതടച്ച സുരക്ഷയുമായി കേരള പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കും. സംശയകരമായ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കും. പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്താറുള്ളത്.
പലതും വാടക അക്കൗണ്ടുകളാണ് (മ്യൂൾ അക്കൗണ്ട് ). സംശയാസ്പദമായ ഇത്തരം അക്കൗണ്ടുകള്‍, എടിഎം പിന്‍വലിക്കലുകള്‍, ചെക്ക് ഇടപാടുകള്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറൽ തുടങ്ങിയവയാണ് ബാങ്കുകളുടെ സഹായത്തോടെ പൊലീസ് നിരീക്ഷിക്കുക.
ഇതിനായി സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും.
സംശയകരമായ ഇടപാട് തിരിച്ചറിയല്‍, തട്ടിപ്പുനിരോധന നടപടികള്‍ തുടങ്ങിയവയിലാകും പരിശീലനം. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനത്തും പൊലീസിന്റെയും ബാങ്ക് മാനേജര്‍മാരുടെയും സംയുക്ത യോഗങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ച ഇടുക്കി, എറണാകുളം ജില്ലകളില്‍ ബാങ്ക് മാനേജര്‍മാരുടെ യോഗം ചേർന്നു. ബാങ്ക് ഇടപാടുകളിലെ സെക്യൂരിറ്റി, അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാൻ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. ഇന്റർനെറ്റിന്റെ അധോലോകമായ ഡാർക്ക് വെബ്ബിലൂടെ ഇടപാടുകള്‍ നടത്തുന്നവരെ കേരള പൊലീസ് ‘ഗ്രാപ്‌നെൽ 2.0’ എന്ന സോഫ്‌റ്റ്‌വെയറിലൂടെ നിരീക്ഷിക്കുന്നുമുണ്ട്.









0 comments