നൈജീരിയൻ മയക്കുമരുന്ന് കച്ചവടക്കാരൻ ബംഗളൂരുവിൽ കേരള പൊലീസ് പിടിയിൽ

ഡുമോ ലയണൽ
തിരുവനന്തപുരം: വിദേശത്തുനിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നെത്തിച്ച് കച്ചവടം ചെയ്യുന്ന നൈജീരിയൻ സ്വദേശിയെ ബംഗളൂരുവിൽനിന്ന് വഞ്ചിയൂർ പൊലീസ് പിടികൂടി . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാനിയായ ഡുമോ ലയണൽ (38) ആണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്ന് ട്രെയിൻമാർഗം കടത്തിക്കൊണ്ടുവന്ന 108 ഗ്രാം എംഡിഎംഎയുമായി ശ്രീകാന്തിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യപ്പോഴാണ് കൂടുതൽ പേരുടെ പങ്ക് തെളിഞ്ഞത്. തുടർന്ന് ശ്രീകാന്തിന് മയക്കുമരുന്ന് കൈമാറിയ സിൽവസ്റ്ററിനെ പിടികൂടി. ഇയാൾ വഴിയാണ് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശിയിലേക്കെത്തിയത്. ഇലക്‌ട്രോണിക് വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇവർ പ്രധാനമായും മയക്കുമരുന്ന് കടത്തിയത്. ശ്രീകാന്ത് പിടിയിലായതറിഞ്ഞ് ഡുമോ ബംഗളൂരുവിൽ ഒളിവിലാണ് കഴിഞ്ഞിരുന്നത്.
ഒരാഴ്ചയോളം വഞ്ചിയൂർ പൊലീസ് ബംഗളൂരുവിലെത്തി തെരച്ചിൽ നടത്തി.
ഒളിത്താവളമായ ബാബറപ്പ ലേഔട്ട് എന്ന സ്ഥലത്തുനിന്നാണ് ഡുമോയെ പിടികൂടിയത്. ശംഖുംമുഖം എസിപി അനുരൂപിന്റെ നിർദേശത്തിൽ വഞ്ചിയൂർ എസ്എച്ച്ഒ എച്ച്എസ് ഷാനിഫ്, ഡാൻസാഫ് എസ്ഐ അജേഷ് കുമാർ, എസ്ഐ സാബു, എസ് സിപിഒമാരായ ഷാജി,നസിമുദ്ദീൻ, രഞ്ജിത്ത്, സിപിഒമാരായ ഷിബി ടി നായർ, വരുൺഘോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഡുമോയെ കൂടുതൽ ചോദ്യം ചെയ്താൽ വൻ മാഫിയസംഘങ്ങളെക്കുറിച്ച് സൂചന ലഭിക്കുമെന്ന് പൊലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.









0 comments