ആത്മഹത്യാ മുനമ്പിൽനിന്ന് ജീവിതത്തുരുത്തിലേക്ക്; യുവതിക്ക് തുണയായി പൊലീസ്

പി കെ സജിത്
Published on Sep 09, 2025, 12:00 AM | 1 min read
കോഴിക്കോട് : തിരുവോണപ്പിറ്റേന്ന് അർധരാത്രിയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീയുടെ ഫോൺ സന്ദേശമെത്തിയത്. എൻജിഒ ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന സുഹൃത്തായ യുവതി ജീവനൊടുക്കാൻ പോകുന്നുവെന്നായിരുന്നു അത്. യുവതിയുടെ വീട് കൃത്യമായി അറിയില്ലെന്നും വ്യക്തമാക്കി.
രാത്രി സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജേഷ് വിവരം മൊബൈൽ പട്രോളിങ് ഓഫീസർക്ക് കൈമാറി. വേങ്ങേരിഭാഗത്ത് പട്രോളിങ്ങിലുള്ള എസ് ഐ സജീവ്‌കുമാറും സിപിഒ വിജിനേഷും സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ വീടിന്റെ ലൊക്കേഷൻ 600 മീറ്റർ ചുറ്റളവിലാണെന്ന് മനസ്സിലാക്കി. പോക്കറ്റ് റോഡുകളിലൂടെ സഞ്ചരിച്ച് ഒരു വീട്ടിലെത്തി കാര്യം പറഞ്ഞു. പരിസരം അറിയാവുന്ന ഗൃഹനാഥനെയുംകൂട്ടി പൊലീസുകാർ യുവതിയുടെ വീടുകണ്ടെത്തി.
അർധരാത്രി കോളിങ് ബെൽ ശബ്ദംകേട്ട് വാതിൽ തുറന്നവീട്ടുകാർ പൊലീസുകാരെ കണ്ട് ഞെട്ടി. മകളെ തിരക്കി പൊലീസ് എത്തിയതറിഞ്ഞപ്പോൾ പരിഭ്രമമം ഇരിട്ടിച്ചു. മുകളിലെ കിടപ്പുമുറിയുടെ വാതിൽ തുറന്ന് യുവതി പുറത്തേക്കുവന്നപ്പോൾ പൊലീസിനും വീട്ടുകാർക്കുമുണ്ടായ ആശ്വാസത്തിന് അതിരുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാനൊരുങ്ങിയ മകൾ ജീവിതത്തിലേക്ക് തിരികെവന്നത് പൊലീസിന്റെ ഇടപെടലിലാണെന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടു.
തൊണ്ടയിടറിയ വാക്കുകളാൽ അവർ പൊലീസിന് നന്ദി അറിയിച്ചു. കിടപ്പുമുറിയിൽനിന്ന് പുറത്തുവന്ന യുവതി കടുത്ത മാനസിക സംഘർഷത്തിലാണെന്ന് പൊലീസിന് ബോധ്യമായി. കൗൺസലിങ്ങിനുള്ള നിർദേശങ്ങളും നൽകിയാണ് പൊലീസ് സംഘം മടങ്ങിയത്.
അടുത്തിടെ കോഴിക്കോട് ഫറോക്ക് പുതിയ പാലത്തിൽനിന്ന് ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ച യുവാവിനെ മാറാട് പൊലീസ് അനുനയിപ്പിച്ച് പിന്തിപ്പിരിച്ചത് വാർത്തയായിരുന്നു.









0 comments