കേന്ദ്രസർക്കാർ ജിഎസ്‌ടി കുത്തനെ കൂട്ടി ; ലോട്ടറി സമ്മാനഘടന 26മുതൽ മാറും

തിരുവനന്തപുരം
ലോട്ടറി ടിക്കറ്റുകൾക്കുള്ള ജിഎസ്‌ടി കേന്ദ്രസർക്കാർ 28 ശതമാനത്തിൽനിന്ന് 40 ശതമാനമാക്കിയതോടെ സമ്മാനഘടനയും മാറുന്നു. 26മുതൽ ഇത് നടപ്പാകും. ടിക്കറ്റ്‌നിരക്ക് വർധിപ്പിക്കാതെ ജിഎസ്‌ടി വർധനയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ തരണംചെയ്യാനാണ് ലോട്ടറി വകുപ്പ് ശ്രമിക്കുന്നത്.
ലോട്ടറിക്കുള്ള നികുതി 2017ൽ ജിഎസ്ടി ആരംഭിച്ചപ്പോൾ 12 ശതമാനം മാത്രമായിരുന്നു. 2020ൽ 28 ശതമാനമായി. ഇപ്പോഴത്തെ വർധന 350 ശതമാനമാണ്. ടിക്കറ്റ് വില കൂട്ടിയാൽ വിൽപ്പനയെ ബാധിക്കും. ടിക്കറ്റ് വിറ്റ് ഉപജീവനംകഴിക്കുന്ന രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളുടെയും കുടുംബങ്ങളെയും ഇത് ബാധിക്കും. ക്ഷേമനിധി, കാരുണ്യ ചികിത്സാപദ്ധതി എന്നിവയുടെ നടത്തിപ്പിനെയും ബാധിക്കും.
ജിഎസ്‌ടി കുറയ്‌ക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അവഗണിച്ചു. ലോട്ടറി തൊഴിലാളികൾ സംരക്ഷണസമിതി രൂപീകരിച്ച് സമരം പ്രഖ്യാപിച്ചെങ്കിലും ജിഎസ്ടി പരിഷ്‌കരണം പിൻവലിക്കാൻ കേന്ദ്രംതയ്യാറല്ല. അതിനാലാണ് സമ്മാനഘടനയിൽ മാറ്റംവരുത്തുന്നത്. ജിഎസ്‌ടി നിലവിൽവരുന്ന 22നുമുമ്പ് നിലവിലുള്ള ടിക്കറ്റുകൾ കൈമാറും. ലോട്ടറി ടിക്കറ്റുകളുടെ വിൽപനയുടെ സുഗമമായ നടത്തിപ്പിന് ഞായറാഴ്‌ചയും ജില്ലാ, സബ്‌ജില്ലാ ലോട്ടറി ഓഫീസുകൾ പ്രവർത്തിക്കും.
ബംപർ വിൽപ്പന 70 ലക്ഷം കടന്നു
കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് വിൽപന 70 ലക്ഷം എണ്ണം കടന്നു. 27ന് പകൽ രണ്ടിനാണ് നറുക്കെടുപ്പ്. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളിൽ 4,25,450 ടിക്കറ്റുകളാണ് വിറ്റുതീരാനുള്ളത്. പാലക്കാടാണ് കൂടുതൽ വിൽപന– 13,66,260 ടിക്കറ്റുകൾ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റുവില.









0 comments