17 ഇടത്ത് എൽ ഡി എഫ്
ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് 65.83 ശതമാനം പേർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 65.83 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 87 സ്ഥാനാർഥികളാണ് 30 വാർഡുകളിലായി ജനവിധി തേടിയത്.
കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ ഇടതുപക്ഷ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച 28 വാർഡുകളിലായിരുന്നു വോട്ടെടുപ്പ്.
ഏറ്റവും കൂടുതൽ പനങ്കരയിൽ
ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഉൾപ്പെട്ട പനങ്കരയിലാണ്. 87.50 പേർ സമ്മതിദാനം രേഖപ്പെടുത്താനെത്തി. കണ്ണൂർ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉൾപ്പെടുന്ന താഴെ ചമ്പാടാണ് രണ്ടാമത്. 86.71 പേർ സമ്മതിദാനം നിർവ്വഹിച്ചു.
ഏറ്റവും കുറവ് ശ്രീവരാഹത്ത്
ഏറ്റവും കുറവ് വോട്ടിങ് രേഖപ്പെടുത്തിയത് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ ശ്രീവരാഹം പ്രദേശം ഉൾപ്പെടുന്ന 79ാം ഡിവിഷനിലാണ്. 52.4 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മൊത്തം വാർഡുകളിൽ 60 ശതമാനത്തിന് താഴെ വോട്ടെടുപ്പ് രേഖപ്പെടുത്തിയ ഇതര വാർഡുകൾ രണ്ടും ബ്ലോക് പഞ്ചായത്ത് ഡിവിഷനുകളാണ്. കൊല്ലം അഞ്ചൽ ബ്ലോക്ഡിവിഷനിൽ 55.17 ശതമാനവും കൊട്ടാരക്കര കൊട്ടറ ഡിവിഷനിൽ 57.07 ശതമാനവും.









0 comments