print edition വീണ്ടെടുത്ത ആരോഗ്യം


വൈഷ്‌ണവ് ബാബു
Published on Nov 13, 2025, 04:44 AM | 2 min read
തിരുവനന്തപുരം
സർക്കാർ ആശുപത്രിയെന്ന് കേൾക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും ഡോക്ടർമാരില്ലാത്ത വാർഡുകളും മനസ്സിലേക്കെത്തുന്ന യുഡിഎഫ് കാലമല്ല. കടംവാങ്ങിയ കാശുമായി സ്വകാര്യആശുപത്രിയുടെ വരാന്തയിൽ കിതച്ചിരുന്നത് ഓർമയായി. ഇന്ത്യയിലെ മറ്റൊരിടത്തും സർക്കാർ ആശുപത്രികളിൽ ലഭിക്കാത്ത മികച്ച ചികിത്സയാണ് കഴിഞ്ഞ ഒമ്പതു വർഷം കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കിയും ജീവനക്കാരെ നിയമിച്ചും ആരോഗ്യമേഖലയെ എൽഡിഎഫ് ഭരണം മികവിലേക്കുയർത്തി. കോവിഡും നിപയുമടക്കമുള്ള മഹാമാരികൾക്കെതിരായ കേരളത്തിന്റെ പോരാട്ടത്തെ ലോകം പ്രകീർത്തിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകി, താലൂക്കുതലം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കി കേരളം ഇന്ത്യയിൽ ആരോഗ്യസൂചികകളിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നുപോലും ചികിത്സതേടിയെത്തുന്നു.
2016ൽ എട്ടുകോടിപേരാണ് സർക്കാർ ആശുപത്രി ഒപിയിലെത്തിയതെങ്കിൽ 2024ൽ 13 കോടിയിലധികമാണ്. ആരോഗ്യവകുപ്പിനു (ഡിഎച്ച്‌എസ്) കീഴിലെ ഡയാലിസിസ് സൗകര്യമുള്ള ആശുപത്രികൾ എട്ടിൽനിന്ന് 107 ആയി ഉയർന്നു. ഡിസംബറോടെ എല്ലാ താലൂക്ക് ആശുപത്രികളിലും ഇൗ സൗകര്യമെത്തും. മെഡിക്കൽ കോളേജുകളിൽ ദിനവും ശരാശരി 4000 പേർ ഒപിയിലെത്തുന്നു. 300 മുതൽ 400വരെ രോഗികൾക്ക് കിടത്തിചികിത്സ. മിക്കയിടത്തും രണ്ടായിരത്തിനടുത്ത് കിടക്കകൾ. കേരളത്തിലെ ശിശുമരണ നിരക്ക് (5) അമേരിക്കയേക്കാളും (5.6) കുറവാണ്. കുറവ് മാതൃമരണ നിരക്കും കേരളത്തിലാണ്. 278 ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരവും (എന്‍ക്യുഎഎസ്) ലഭിച്ചു.
മെഡിക്കല്‍ കോളേജുകളിൽ 3200 കോടിയുടെ വികസനം
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 17 പ്രൊജക്ടുകള്‍ക്കായി 3200 കോടിയാണ് രണ്ടാം പിണറായി സർക്കാർ അനുവദിച്ചത്. നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്
• തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 717 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്നു. ഒന്നാംഘട്ട പ്രവൃത്തികള്‍ ഉദ്ഘാടനംചെയ്തു. രണ്ടാംഘട്ടത്തില്‍ ഒടി ബ്ലോക്ക്, എസ്എടി പുതിയ ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. എംഎല്‍ടി ബ്ലോക്ക് ഉദ്ഘാടന സജ്ജമായി
• കോട്ടയം മെഡിക്കല്‍ കോളേജ്– സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി 228 കോടി രൂപ അനുവദിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായി. 269 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണം പുരോഗമിക്കുന്നു
• എറണാകുളം മെഡിക്കല്‍ കോളേജ്– 333 കോടി ചെലവിൽ നിര്‍മിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവര്‍ത്തനസജ്ജമായി
• കോന്നി മെഡിക്കല്‍ കോളേജ്– രണ്ടാംഘട്ടത്തിനായി 218 കോടിയുടെ നിര്‍മാണം പുരാേഗമിക്കുന്നു
• തൃശൂര്‍ മെഡിക്കല്‍ കോളേജ്– മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്കിൽ 279 കോടിയുടേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ 199 കോടിയുടേയും നിർമാണം ആരംഭിച്ചു
• കണ്ണൂര്‍ മെഡിക്കല്‍ കോളേജ്– 124.95 കോടി ചെലവിൽ ട്രോമ കെയര്‍ ബ്ലോക്ക്
• കാസര്‍കോട് മെഡിക്കല്‍ കോളേജ്– നിര്‍മാണത്തിനായി 160 കോടി
• കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്– ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മാണത്തിന് 34 കോടി വീതം
• കോഴിക്കോട് മെഡിക്കല്‍ കോളേജ്– ഒപി ബ്ലോക്ക് നിര്‍മാണത്തിന് 187.5 കോടി










0 comments