കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും: ​ഗവർണർ

kerala governor and cm pinarayi
വെബ് ഡെസ്ക്

Published on Mar 11, 2025, 09:17 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ബോധവാനാണെന്നും ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്നും ​ഗവർണർ അഭ്യർത്ഥിച്ചു.


ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനുമായി കേരളത്തിലെ എംപിമാരുമായി ന്യൂഡൽഹി കേരളഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണറും മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.


പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവർണർ യോഗം വിളിച്ചത്. ഗവർണറുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണ്. കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവർണർ ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിൽ സംസാരിച്ച എംപിമാരുടെ ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാടുകൾക്ക് ഗവർണർ നന്ദി പറഞ്ഞു.


കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങളായ രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ഹൈബി ഈഡൻ, കെ സി വേണുഗോപാൽ, ആന്റോ ആന്റണി, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, എ എ റഹിം, ജോസ് കെ മാണി, ഹാരീസ് ബീരാൻ, പി പി സുനീർ, പി വി അബ്ദുൾ വഹാബ്, പി ടി ഉഷ, ഡോ. വി ശിവദാസൻ, ജെബി മേത്തർ, പി സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.




deshabhimani section

Related News

0 comments
Sort by

Home