ചരിത്രം കുറിച്ച് കേരള യൂറോപ്യൻ യൂണിയൻ ബ്ലൂ ടൈഡ്സ് കോൺക്ലേവ്
7288 കോടിയുടെ നിക്ഷേപം ; സമുദ്ര സന്പദ്‌വ്യവസ്ഥയിൽ പുതുചുവട്

യൂറോപ്യൻ യൂണിയന്റെ ഇന്ത്യ ഭൂട്ടാൻ അംബാസഡർ ഹെർവ് ഡെൽഫിൻ
സുനീഷ് ജോ
Published on Sep 20, 2025, 02:59 AM | 1 min read
തിരുവനന്തപുരം
സമുദ്ര സന്പദ്‌വ്യവസ്ഥയുടെ അനന്തസാധ്യത ലോകത്തിനുമുന്നിൽ തുറന്നിട്ട് കേരളത്തിന്റെ പുതുചുവട്. രണ്ട് തീരങ്ങള്‍, ഒരേ കാഴ്‌ചപ്പാട് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ബ്ലൂ ടൈഡ്സ്: കേരള – യൂറോപ്യൻ യൂണിയൻ ക്ലോൺക്ലേവിൽ 7288 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണാപത്രമായി. സംസ്ഥാനത്തെ 28 നിക്ഷേപകരാണ് കരാറിൽ ഒപ്പുവച്ചത്. യൂറോപ്യൻ യൂണിയനിലെ 17 രാജ്യങ്ങളും രണ്ട് യൂറോപ്യൻ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും സംരംഭകരും നിക്ഷേപത്തിന് താൽപ്പര്യമറിയിച്ചു. ഇതിൽ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ തുടർനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മറൈന്‍ ലോജിസ്റ്റിക്‌സ്, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ ഉൗർജം, ഹരിത സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം, നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും കോൺക്ലേവിൽ ചര്‍ച്ചയായി. കോവളം ലീല റാവിസ് ഹോട്ടലിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സഹകരണത്തിന്റെയും നവീകരണത്തിന്റെയും സുസ്ഥിരതയുടെയും ലക്ഷ്യങ്ങളിലേക്കുള്ള കൂട്ടായ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ സംയുക്ത പ്ലാറ്റ് ഫോമും നോഡല്‍ പോയിന്റും അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് . ഇൗ സംവിധാനം വരുന്നതോടെ അംഗ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ കഴിയുമെന്ന് യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ ഇന്ത്യ –ഭൂട്ടാൻ അംബാസഡർ ഹെർവ് ഡെൽഫിൻ, കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ജെ ചിഞ്ചുറാണി, വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, വ്യവസായി എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.









0 comments