print edition വന്ദേഭാരത് എക്സ്‌പ്രസിൽ കേരള വിഭവം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന വന്ദേഭാരത് എക്‌സ്‌പ്രസുകളിൽ ഇനി മുതൽ കേരളഭക്ഷണം. മട്ട അരി ചോറും ചിക്കൻകറിയും വെജിറ്റേറിയൻ കറികളും ലഭിക്കും. ഉത്തരേന്ത്യൻ ഭക്ഷണത്തെ തൽക്കാലത്തേക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്. തലശ്ശേരി ബിരിയാണി മുതല്‍ നാടന്‍ കോഴിക്കറിവരെ കിട്ടും. ഭക്ഷണത്തെക്കുറിച്ച് നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉള്‍പ്പെടുത്തി പരിഷ്‌കരണം നടപ്പാക്കി യത്.മലബാര്‍ വെജ്/ചിക്കന്‍ ബിരിയാണി, തലശ്ശേരി വെജ് ബിരിയാണി, ആലപ്പി വെജ് കറി, മെഴുക്കുപുരട്ടി, വറുത്തരച്ച ചിക്കന്‍ കറി, കേരള ചിക്കന്‍ കറി, ചിക്കന്‍ റോസ്റ്റ്, നാടന്‍ കോഴിക്കറി എന്നിവയാണ് ലഭിക്കുക. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും പച്ചക്കറികളിലും പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി. പ്രഭാത ഭക്ഷണ മെനുവില്‍ കാര്യമായ മാറ്റമില്ല. ഇടിയപ്പം, ഉപ്പുമാവ്, ഇഡ്ഡലി, അപ്പം, കടല/ ഗ്രീന്‍ പീസ് കറി, മുട്ടക്കറി, സ്‌ക്രാംബിള്‍ഡ് എഗ്‌സ്, വെജ് കട്‌ലറ്റ് തുടങ്ങിയവയാണ് ഉള്ളത്. പരിപ്പുവട, ശര്‍ക്കരവരട്ടി, ഉണ്ണിയപ്പം, പക്കോഡ, ഉള്ളിവട തുടങ്ങിയവയാണ് സ്‌നാക്‌സ് ബോക്‌സില്‍ പുതിയതായി ചേര്‍ത്തത്. പഴംപൊരിയുമുണ്ട്.
ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ടിനായിരുന്നു നേരത്തെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വന്ദേഭാരത് എക്‌സ്‌പ്രസുകളിലെയും തിരുവനന്തപുരം–ചെന്നൈ എസി എക്‌സ്‌പ്രസിലെയും ഭക്ഷണവിതരണത്തിന്റെ കരാർ. ഭക്ഷണത്തിന്റെ ഗുണനിലവാരം മേശമാണെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ കരാര്‍ ദക്ഷിണറെയിൽവേ റദ്ദാക്കി. ഇതിനെതിരെ കന്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. റെയില്‍വെ അധികൃതര്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ച കോടതി കരാര്‍ റദ്ദാക്കിയ തീരുമാനം അംഗീകരിച്ചു. പിന്നാലെ ഐആർസിടിസി ഭക്ഷണവിതരണ ചുമതല ഏറ്റെടുത്തു. കൂടുതൽ മലയാളികളെ ഭക്ഷണവിതരണത്തിനായി നിയമിക്കുമെന്നും ഐആർസിടിസി അധികൃതർ പറഞ്ഞു.









0 comments