ഭിന്നശേഷി വിഷയത്തിൽ സർക്കാർ നിലപാട് അഭിനന്ദനാർഹം: കേരള കൗൺസിൽ ഓഫ് ചർച്ചസ്

churches\
വെബ് ഡെസ്ക്

Published on Oct 14, 2025, 07:58 AM | 1 min read

തിരുവല്ല: ഭിന്നശേഷി നിയമന വിഷയത്തിൽ പ്രശ്നം പരിഹരിക്കുവാൻ മുൻകൈയെടുത്ത സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും നിലപാട് അഭിനന്ദനാർഹമാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്. ആയിരക്കണക്കിന് അധ്യാപകരെ ദുരിതത്തിലാക്കിയിരുന്ന ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കാണണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് അനുകൂലമായി നടപടിയെടുത്ത സർക്കാർ തീരുമാനം മാതൃകാപരമാണ്.


ഇതു സംബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്ന് കെസിസി പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ ഒരുക്കമാണ് എന്ന് വ്യക്തിപരമായി അറിയിക്കുകയും ചെയ്തിരുന്നു.


ഇതു പ്രകാരം എൻഎസ്എസ് മാനേജ്മെന്റുകൾക്ക് അനുകൂലമായി സുപ്രീംകോടതിയിൽ നിന്ന് നൽകിയ വിധി മറ്റ് മാനേജ്മെന്റുകളുടെ നിയമനങ്ങളുടെ കാര്യത്തിലും പരിഗണിക്കും എന്ന് നൽകിയ ഉറപ്പ് പാലിക്കുവാൻ മുൻകൈയെടുത്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശരിയായ സമീപനം വിദ്യാഭ്യാസ മേഖല നേരിടുന്ന മറ്റു പ്രശ്നങ്ങളിലും ഉണ്ടാകുമെന്നും ക്രിയാത്മകമായ നടപടികൾ സർക്കാർ എടുക്കുമെന്നത് പ്രതീക്ഷ നൽകുന്നതാണെന്നും കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home