വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ അക്കാദമിക പ്രതിരോധം തീർത്ത സംസ്ഥാനമാണ് കേരളം: മന്ത്രി

ന്യൂഡൽഹി : രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും കാവിവൽക്കരിക്കുന്നതിന് വേണ്ടിയും വർഗീയവൽക്കരിക്കുന്നതിന് വേണ്ടിയും എൻസിഇആർടിയിലൂടെ ഇടപെടൽ നടത്തുകയാണ് കേന്ദ്ര സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി. എന്നാൽ ഇതിനെതിരെ അക്കാദമിക പ്രതിരോധം തീർത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആറു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പരിഷ്കരിക്കാത്ത സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ ചരിത്രം, സാമ്പത്തികശാസ്ത്രം,സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ പുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയലക്ഷ്യം വെച്ച് വ്യാപകമായി പാഠഭാഗങ്ങൾ നീക്കി. ഗുജറാത്ത് കലാപം, ആർഎസ്എസ് നിരോധനം, ഗാന്ധിവധം, മുഗൾ രാജവംശങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്തു. സയൻസ് പുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തവും പീരിയോഡിക് ടേബിൾ അടക്കമുള്ളവയും മാറ്റുകയുണ്ടായി. എന്നാൽ ഈ അക്കാദമിക വിരുദ്ധമായ കാര്യത്തിൽ കേരളം ശക്തമായ നിലപാട് സ്വീകരിക്കുകയുണ്ടായി. 11,12 ക്ലാസുകളിലെ നാല് സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും അഡീഷണൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് കേരളത്തിലെ കുട്ടികളെ നാം പഠിപ്പിച്ചു. ഇത്തരത്തിൽ അക്കാദമിക പ്രതിരോധം തീർത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ നിലപാട് ഇന്ന് നടന്ന എൻസിഇആർടിയുടെ ജനറൽ കൗൺസിൽ യോഗത്തിൽ കേരളം അവതരിപ്പിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത എന്ന വിശാലമായ ലക്ഷ്യവും രാജ്യത്തിന്റെ ശക്തിയായ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെയും ദുർബലപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകിയ എൻസിഇആർടി സമീപകാല തീരുമാനങ്ങൾക്കെതിരെ നേരത്തെ തന്നെ കേരളം രംഗത്ത് വന്നിരുന്നു. പൂർവി , മൃദംഗ് , സന്തൂർ, ഗണിത പ്രകാശ് എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് എൻ സി ഇ ആർ ടി നൽകിയിരിക്കുന്നത്. ഭാഷാ വൈവിധ്യത്തെ ദുർബലപ്പെടുത്തുന്നതാണ് എൻസിആർടിയുടെ ഈ നീക്കം. സാംസ്കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ യാത്രയിലെ പിന്നോട്ടടിയായുമാണ് കേരളം ഇതിനെ കാണുന്നത്.
പാഠപുസ്തകങ്ങൾക്ക് പേരിടൽ കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല, മറിച്ച് പഠിതാക്കളുടെ ഭാഷാ പശ്ചാത്തലത്തെ മാനിക്കേണ്ട ഒരു അക്കാദമിക തീരുമാനമാണ്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ നിന്നുള്ള പദങ്ങളുടെ ഉപയോഗം സാംസ്കാരികമായി ഏകീകരിക്കുന്നതായി ന്യായീകരിക്കപ്പെടുമ്പോൾ, ഒരു ഭാഷാ പാരമ്പര്യത്തിൽ നിന്നുള്ള പേരുകൾ അടിച്ചേൽപ്പിക്കുന്നത് ബഹുഭാഷയെ ആഘോഷിക്കുന്ന രാജ്യത്ത് ശരിയായ നടപടിയല്ല. ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ സമ്പന്നമായ പാരമ്പര്യമുള്ള കേരളം, എൻസിഇആർടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറൽ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നത്. പാഠപുസ്തകങ്ങൾ ഭാഷാപരമായ ആധിപത്യത്തിന്റെയല്ല, പഠനത്തിന്റെയും ഉൾക്കൊള്ളലിന്റെയും ഉപകരണങ്ങളായി വർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.









0 comments