അർബുദ നിർണയത്തിനും ചികിത്സയ്ക്കും 152.50 കോടി
എല്ലാ ജില്ലയിലും ഡയാലിസിസ്, സ്‌ട്രോക്ക് യൂണിറ്റുകൾ ; ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിന് 10431.73 കോടി രൂപ

തിരുവനന്തപുരം : മുഴുവൻ ജില്ലാ/ജനറൽ ആശുപത്രികളിലും താലൂക്ക് ആസ്ഥാന ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മാറാൻ കേരളം. ഇതിനൊപ്പം എറണാകുളം, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്‌ട്രോക്ക് യൂണിറ്റുകളും സ്ഥാപിക്കും. ഇതോടെ എല്ലാ ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റ് സൗകര്യമുണ്ടാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാകും കേരളം.
ആരോഗ്യ വകുപ്പിന് കീഴിൽ നിലവിലുള്ള 105 ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്കായി 13.98 കോടി രൂപ വകയിരുത്തി.
നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ ഇല്ലാത്ത ജില്ലാ, ജനറൽ, താലൂക്ക് ആസ്ഥാന ആശുപത്രികളിലും, 25 ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും. സ്‌ട്രോക്ക് യൂണിറ്റുകൾക്കായി 21 കോടിയും ബജറ്റിൽ മാറ്റിവച്ചു. ആരോഗ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് ആകെ 10431.73 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 700 കോടിയും വകയിരുത്തി.
അർബുദ നിർണയത്തിനും ചികിത്സയ്ക്കും 152.50 കോടി
ജില്ലാ ആശുപത്രികളെ മാതൃകാ അർബുദ പരിചരണ കേന്ദ്രമാക്കാൻ 2.50 കോടി രൂപ വകയിരുത്തി. കരിമണൽ മേഖലയായ ചവറയിലെ സർക്കാർ ആശുപത്രിയിൽ അർബുദ ചികിത്സാ സൗകര്യം വർധിപ്പിക്കും.
പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും ഊന്നൽ നൽകും. മലബാർ ക്യാൻസർ സെന്ററിന് 35 കോടിയും കൊച്ചി ക്യാൻസർ സെന്ററിന് 18 കോടിയും ആർസിസിയ്ക്ക് 75 കോടിയും മെഡിക്കൽ കോളേജ്/ജില്ല/താലൂക്ക് ആശുപത്രികൾ വഴിയുള്ള അർബുദ ചികിത്സക്ക് 24.5 കോടി രൂപയും ഉൾപ്പെടെ ആകെ 152.50 കോടി രൂപ വകയിരുത്തി. ആർസിസിയിൽ നിർമിക്കുന്ന 14 നിലയുള്ള പുതിയ ബ്ലോക്കിന്റെ നിർമാണത്തിന് 28 കോടി രൂപയും അർബുദ രോഗികളായ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട പരിചരണ സേവനം ലഭ്യമാക്കാൻ 22 കോടിയും കേരള ആരോഗ്യ സർവകലാശാലയുടെ പ്രവർത്തനങ്ങൾക്കായി 11.5 കോടി രൂപയും വകയിരുത്തി.
● കിടപ്പുരോഗികളാല്ലാത്ത വയോജനങ്ങൾക്ക് ആരോഗ്യകരമായ പ്രായമാകൽ പദ്ധതിയുടെ അധിക ധനസമാഹരണത്തിനായി 50 കോടി
● പെയിൻ ആൻഡ് പാലിയേറ്റീവ് ഗ്രിഡ് പ്രവർത്തനങ്ങൾക്കായി 5.40 കോടി
● പകർച്ചവ്യാധി നിയന്ത്രണത്തിന് 12 കോടി
● 108 ആംബുലൻസുകളുടെ നടത്തിപ്പ് ചെലവിന് 80 കോടി രൂപ
● ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആധുനിക കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ. കാത്ത് ലാബിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹാർട്ട് ഫൗണ്ടേഷന് 10 കോടി
● ന്യൂ ബോൺ സ്‌ക്രീനിങ് പ്രോഗ്രാം തുടർ നടത്തിപ്പിന് 2.40 കോടി
● എൻഎച്ച്എം പദ്ധതിയ്ക്കുള്ള സംസ്ഥാന വിഹിതമായി 465.20 കോടി
● ഇ–ഹെൽത്ത് പ്രോഗ്രാമിന് 27.60 കോടി
● നാട്ടുവൈദ്യം, പാരമ്പര്യവൈദ്യം മേഖലകളിലെ ചികിത്സാ സമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും നിയമനിർമാണം. കേരള നാട്ടുവൈദ്യ/പരമ്പാരാഗവൈദ്യ കമീഷനും കേരള നാട്ടുവൈദ്യ/പരമ്പാരാഗവൈദ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഒരുകോടി
0 comments