ലക്ഷ്യം സമഗ്രവികസനം; ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഭാവി ഭദ്രമാക്കുന്നതിനുമുള്ള ബജറ്റ്

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസം ലക്ഷ്യമാക്കിയുള്ള കേരള ബജറ്റ് അവതരിപ്പിച്ചു. എല്ലാമേഖലകൾക്കും പ്രാധാന്യം നൽകുന്നതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്.
സാമ്പത്തികമായി ഞെരുക്കിയും സഹായങ്ങൾ നൽകാതെയും കേന്ദ്രസർക്കാർ കേരളത്തെ പ്രതിസന്ധിയിലാക്കിയപ്പോഴും തനത് നികുതി വരുമാനം കൊണ്ടാണ് കേരളം സാമ്പത്തിക ഞെരുക്കത്തെ മറികടന്നത്. ധനഞ്ഞെരുക്കം രൂക്ഷമായ ഘട്ടത്തിലും വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് മുടക്കം വരാതെ കേരളം മുന്നോട്ട് പോയി. സംസ്ഥാനത്തിന്റെ തനത് നികുതി- നികുതിയേതര വരുമാനം ഉയർന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ കേന്ദ്രബജറ്റ് മറന്നപ്പോൾ കേരളം 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. സിഎംഡിആർഎഫ്, എസ്ഡിഎംഎ, കേന്ദ്ര ഗ്രാന്റ്, പൊതു-സ്വകാര്യമേഖലയിൽ നിന്നുള്ള ഫണ്ടുകൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസി ബിലിറ്റി ഫണ്ട്, സ്പോൺസർഷിപ്പുകൾ എന്നിവ ഇതിനായി വിനിയോഗിക്കും. അധികമായി ആവശ്യം വരുന്ന ഫണ്ട് സർക്കാർ അനുവദിക്കും.
Related News
ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നതാണ്. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തി. അര്‍ഹതപ്പെട്ടത് കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നുണ്ട് ഈ ബജറ്റ്.
വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിര്‍മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ വെച്ചിരിക്കുന്നു. ഇന്ത്യയെ കളിപ്പാട്ട നിർമാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായി കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങൾ, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉദ്പാദനത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇതിനായി 5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കുസാറ്റിന് 69 കോടി, മൂന്ന് സർവകലാശലകളിൽ മികവിന്റെ കേന്ദ്രം തുടങ്ങാൻ 25 കോടി, സൗജന്യ യൂണിഫോം പദ്ധതിക്ക് 150.34 കോടി,കൈറ്റിന് 35.5 കോടി വകയിരുത്തി,സൗജന്യ യൂണിഫോം പദ്ധതിക്ക് 150.34 കോടി, ശ്രീ നാരായണ ഓപ്പൺ സർവകലാശാലയ്ക്ക് 30 കോടി തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുന്നതിനും സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്.
നിലവിലെ ആഗോള രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ച് പരാമർശിക്കാനും കേരള ബജറ്റ് മറന്നില്ല. രാഷ്ട്രീയവും സാമൂഹികവുമായ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശബ്ദം ലോകത്തെങ്ങും മുഴങ്ങുകയാണെന്നും പനാമ കനാൽ എന്റെ സ്വന്തമാണെന്നും ഗ്രീൻലാൻഡ് ഞങ്ങളിങ്ങെടുക്കുകയാണെന്നും ഗാസാ മുനമ്പിലെ മനുഷ്യരെ കുടിയൊഴിപ്പിച്ച് അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും പറഞ്ഞ് ലോകത്തിത്തെ ഭയത്തിന്റെ മുനയിൽ നിർത്തിയിരിക്കുകയാണ് ട്രംപ് എന്നും ബജറ്റിന്റെ അവസാനത്തിൽ ധനമന്ത്രി പറഞ്ഞു.
ലോകമാകെ ഭയത്തിന്റെയും വെറുപ്പിന്റെയും യുദ്ധവെറിയുടെയും അന്തരീക്ഷം സംജാതമാകുന്നു. ഇത് കൊളോണിയൽ കാലത്തോ മഹായുദ്ധ കാലങ്ങളിലോ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് ലോകത്തെ എത്തിക്കുകയാണോ എന്ന പലർക്കുമുണ്ട്. ഈ അന്തർദേശീയ സാഹചര്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം നമ്മുടെ നാട്ടിലുമുണ്ടാകും. ഇതിനെ നേരിടാൻ കേരളവും സജ്ജമാകേണ്ടതുണ്ട്. നമ്മുടെ ജനാധിപത്യ മതേതര മൂല്യങ്ങളെയും ശക്തിപ്പെടുത്തി പുരോഗമന കാഴ്ചപ്പാടുകളെയും മുന്നോട്ടുപോകാൻ ഒരുമിച്ച് കൈകോർക്കേണ്ട കാലമാണ്.ഓരോ ബജറ്റും അത് അവതരിപ്പിക്കുന്ന കാലത്തിന്റെ സാമ്പത്തിക ജീവിതത്തെ മാത്രമല്ല, രാഷ്ട്രീയവും സാംസ്കാരികവും സാമൂഹ്യവുമായ ജീവിതത്തെയും അടയാളപ്പെടുത്തുന്നുണ്ട്. അതിലേക്കുള്ള ശുഭപ്രതീക്ഷയാണ് കേരള ബജറ്റെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
Related News

0 comments