print edition കാര്യങ്ങൾ നിയന്ത്രിക്കുന്നത് കിച്ചൻ ക്യാബിനെറ്റെന്ന് ; രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശം

തിരുവനന്തപുരം
ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശം. വി മുരളീധരനെയും കെ സുരേന്ദ്രനെയും തുടർച്ചയായി നേതൃയോഗത്തിൽനിന്ന് ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചാണ് വിമർശമുയർന്നത്. എസ് സുരേഷും അനൂപ് ആന്റണിയും അടങ്ങുന്ന കിച്ചൻ ക്യാബിനെറ്റാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും തുറന്നടിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് അസംതൃപ്‌തി മറനീക്കി പുറത്തുവന്നത്. മുമ്പ് തൃശൂരിൽ ചേർന്ന യോഗത്തിലും ഇരുവരെയും ക്ഷണിച്ചിരുന്നില്ല. ഇത് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. രാജീവ് ചന്ദ്രശേഖരൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം മുരളീധരനെയും സുരേന്ദ്രനെയും അടുപ്പിച്ചിരുന്നില്ല. പി കെ കൃഷ്‌ണദാസിന്റെയും എസ് സുരേഷിന്റെയും ചൊൽപ്പടിക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചേർന്ന നിർണായക യോഗത്തിൽ ഇരുവരെയും മാറ്റി നിർത്തിയത് സി കൃഷ്ണകുമാർ, പി സുധീർ, വി വി രാജേഷ്, കെ രഞ്ജിത് എന്നിവർ ചോദ്യം ചെയ്തു. രാജീവിന്റെ ഏകാധിപത്യ നിലപാടിൽ മറ്റു മുതിർന്ന നേതാക്കളും അസംതൃപ്തരാണ്. കോർപറേറ്റ് നയം കൈയിൽ വച്ച് മുരളീധരനെയും സുരേന്ദ്രനെയും അടിച്ചമർത്താൻ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ശോഭാ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തില്ല.









0 comments