നേതൃത്വത്തിനെതിരെ ചേർത്തലയിൽ ബിജെപി ഗ്രൂപ്പ് യോഗം

അഞ്ജുനാഥ്
Published on Jul 30, 2025, 03:05 AM | 1 min read
ആലപ്പുഴ
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കലാപാഹ്വാനവുമായി ചേർത്തലയിൽ ഗ്രൂപ്പ് യോഗം. സംസ്ഥാന വൈസ് പ്രസിഡന്റ് പി സുധീറിന്റെ നേതൃത്വത്തിൽ 26നായിരുന്നു യോഗം. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി അധ്യക്ഷനും അടുപ്പക്കാരും യോഗത്തിൽ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിലപേശി വാങ്ങേണ്ട സ്ഥാനങ്ങളെക്കുറിച്ച് യോഗം ചർച്ചചെയ്തു.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായശേഷം ബിജെപിയിലുണ്ടായ ചേരിതിരിവിന്റെ ഭാഗമാണ് ഗ്രൂപ്പ് യോഗം. ആലപ്പുഴയിൽ രൂപീകരിച്ച രണ്ട് സംഘടനാ ജില്ലകളുടെ ചുമതലകളിൽ മുതിർന്ന നേതാക്കളെ തഴഞ്ഞു. ഇത് രൂക്ഷമായ എതിർപ്പുണ്ടാക്കി. മുതിർന്ന നേതാക്കൾ പ്രതിഷേധം അറിയിച്ചെങ്കിലും സംസ്ഥാന അധ്യക്ഷൻ തിരിഞ്ഞുനോക്കിയില്ല. തുടർന്നാണ് ഗ്രൂപ്പ് ശക്തമായത്. സംഘടനാ തെരഞ്ഞെടുപ്പിലെ തിരിമറിയുടെ വിവരങ്ങൾ ഒരുവിഭാഗം പുറത്തുവിട്ടു. സംഘടനാ നിർദേശത്തിനും ചട്ടത്തിനും വിരുദ്ധമായി ബൂത്ത്തലംമുതൽ നടന്ന പ്രവർത്തനങ്ങൾ പുറത്തായത് നേതൃത്വത്തെ വെട്ടിലാക്കി.
ആലപ്പുഴയിൽ സൗത്ത്, നോർത്ത് സംഘടനാ ജില്ലകളിലെ അധ്യക്ഷപദവി സാമുദായിക അടിസ്ഥാനത്തിലാണ് വിഭജിച്ചതെന്ന ആക്ഷേപവും ശക്തം. ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ അഴിമതിയെക്കുറിച്ച് ഒരുവിഭാഗം പരാതി നൽകിയെങ്കിലും സംസ്ഥാന നേതൃത്വം കാര്യമാക്കിയിട്ടില്ല.









0 comments