print edition പൊതുവിദ്യാഭ്യാസ മേഖലയെ ലോകോത്തരമാക്കൽ സർക്കാർ ലക്ഷ്യം: മന്ത്രി വി ശിവൻകുട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ‘വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിൽ ആജീവനാന്ത വിദ്യാഭ്യാസത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി. വിഷൻ 2031ന്റെ ഭാഗമായി സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ആജീവനാന്ത വിദ്യാഭ്യാസത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
45,000 ക്ലാസ് മുറികൾ ഹൈടെക്കായി. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷകൾ അവസാനിക്കുന്നതിന് മുന്പ് പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. ദേശീയതലത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച വിദ്യാഭ്യാസ സർവേയിൽ കേരളം ഒന്നാമതായി. നേട്ടങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം മാറുന്ന ലോകക്രമം അനുസരിച്ചുള്ള വിദ്യാഭ്യാസം നൽകാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
എസ്ആർസിയുടെ പുതിയ മൂന്ന് കോഴ്‌സുകളുടെ മൊഡ്യൂളുകൾ മന്ത്രി ചടങ്ങിൽ പ്രകാശിപ്പിച്ചു. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.
വിജ്ഞാന കേരളം പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ ജി മാധവദാസ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഡയറക്ടർ ഡോ. പി പ്രമോദ്, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, എസ്ആർസി മുൻ ഡയറക്ടർ സി എ സന്തോഷ്, സി-ഡിറ്റ് മുൻ ഡയറക്ടർ ഡോ അച്യുത്ശങ്കർ, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, ഹയർ സെക്കൻഡറി അക്കാഡമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. എസ് ഷാജിത, വിദ്യാകിരണം അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.









0 comments