അഭിമാന കേരളം; ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം; പ്രഖ്യാപനം മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി കേരളം. അഭിമാന നേട്ടത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനത്തെ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച ഡിജി-കേരള പദ്ധതിയുടെ വിജയമാണ് ഈ ഐതിഹാസിക നേട്ടത്തിലേക്ക് നയിച്ചത്. കേവലമായ കമ്പ്യൂട്ടർ സാക്ഷരതയ്ക്ക് ഉപരിയായി എല്ലാവരെയും സ്മാർട്ട് ഫോണുകളും ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളും ഉപയോഗിക്കാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കിയത്.
2021ൽ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിയിൽ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവർത്തനങ്ങളോടെയാണ് തുടക്കം. 2022 സെപ്‌തംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറയെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജി കേരളം പദ്ധതി പ്രഖ്യാപിച്ചത്. ഇൗ പദ്ധതി ആരംഭിക്കുംമുമ്പുതന്നെ സംസ്ഥാനത്തെ 27 തദ്ദേശ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയ്‌ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.









0 comments