വേദനയിലാഴ്‌ത്തി ജസ്‌നയും റൂഹിയും

മൂവാറ്റുപുഴ
ഒന്നരവയസ്സുകാരി റൂഹി മെഹ്‌റിന്റെ കളിചിരികൾ നിറയേണ്ട പേഴയ്‌ക്കാപ്പിള്ളിയിലെ ഖലന്തർ മൻസിലിലേക്ക് ഞായറാഴ്‌ചയെത്തിയത് റൂഹിയുടെയും ഉമ്മ ജസ്‌നയുടെയും ചേതനയറ്റ ശരീരങ്ങളാണ്. കുടുംബത്തെയാകെ വേദനയിലാഴ്‌ത്തിയാണ് കെനിയയിൽ ബസ് അപകടത്തിൽ മരിച്ച ജസ്‌നയും റൂഹിയും വിടപറയുന്നത്. ഞായറാഴ്‌ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ജസ്‌നയുടെ ബാപ്പ മക്കാർ ഏറ്റുവാങ്ങി. അപകടത്തിൽ പരിക്കേറ്റ ജസ്‌നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫയും അതേ വിമാനത്തിൽ എത്തിയിരുന്നു.
പകൽ പന്ത്രണ്ടോടെ രണ്ട് ആംബുലൻസുകളിലായി മൃതദേഹങ്ങൾ കോതമംഗലം നെല്ലിക്കുഴിയിലെ പീസ്‌വാലിയിലെത്തിച്ചു. അവിടെനിന്ന് ഖബറടക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് പേഴയ്ക്കാപ്പിള്ളിയിലെ കുറ്റിക്കാട്ടുചാലിൽ (ഖലന്തർ മൻസിൽ) വീട്ടിലേക്ക് കൊണ്ടുപോയത്.
ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളുമുൾപ്പെടെ നിരവധി പേരാണ് ജസ്‌നയ്‌ക്കും കുഞ്ഞിനും ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത്. വീട്ടിലെ പ്രാർഥനകൾക്കുശേഷം മൃതദേഹങ്ങൾ വിലാപയാത്രയായി പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിലെത്തിച്ച് ഖബറടക്കി. ഒരേ ഖബറാണ് ജസ്‌നയ്‌ക്കും കുഞ്ഞിനുമായി ഒരുക്കിയത്. ലൈലയാണ് ജസ്‌നയുടെ ഉമ്മ. സഹോദരങ്ങൾ: ജസൽ മുഹമ്മദ്, ജാസ്മിൻ. നാലുവർഷംമുമ്പായിരുന്നു ജസ്‌നയുടെ വിവാഹം. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു.









0 comments