അഭിമാനമായി കെൽട്രോൺ: ഐഎൻഎസ് തമാൽ നിർമാണത്തിലും ഭാ​ഗമായി

ins-tamal
വെബ് ഡെസ്ക്

Published on Jul 08, 2025, 03:56 PM | 2 min read

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരുകൾക്ക് കീഴിൽ വീണ്ടും കേരളത്തിന്റെ അഭിമാനമായി മാറി കെൽട്രോൺ. ഇന്ത്യൻ നേവിക്ക് വേണ്ടി റഷ്യയിലെ യാന്തർ കപ്പൽ ശാലയിൽ വച്ച് കമീഷൻ ചെയ്ത യുദ്ധപ്പലിന്റെ നിർമ്മാണ പ്രക്രിയയിൽ കെൽട്രോൺ സുപ്രധാന ചുമതല നിർവഹിച്ചെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.


4000T മൾട്ടി റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ ഐഎൻഎസ് തമാലിന്റെ നിർമ്മാണത്തിൽ പ്രധാന ഭാഗങ്ങളായ എക്കോസൗണ്ടറും അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റവും നിർമ്മിച്ചതും ഇൻസ്റ്റാൾ ചെയ്തതും കെൽട്രോൺ ആണ്. ഇന്ത്യൻ നേവിക്കായി കെൽട്രോണിന്റെ വിദഗ്ധ ടീം റഷ്യയിൽ പോയി വിജയകരമായി ടെസ്റ്റുകൾ പൂർത്തീകരിച്ചതിന് ശേഷമാണ് ഇൻസ്റ്റലേഷൻ പ്രക്രിയ നടത്തിയതെന്നും മന്ത്രി പറഞ്ഞു.


റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിലായിരുന്നു ഐഎൻഎസ് തമാലിന്റെ നിർമാണം. ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയ അവസാനത്തെ വിദേശ നിർമിത യുദ്ധക്കപ്പലാണ് തമാൽ. ഇനി നാവിക സേനയ്ക്കായുള്ള യുദ്ധക്കപ്പലുകൾ ഇന്ത്യ തദ്ദേശീയമായാകും വികസിപ്പിക്കുക.


തൽവാർ ക്ലാസിലെ (പ്രോജക്റ്റ് 1135.6 പരമ്പര) എട്ടാമത്തെ കപ്പലാണിത്. തുഷിൽ-ക്ലാസ് ഫ്രിഗേറ്റുകളിൽ രണ്ടാമത്തെ കപ്പലാണ് തമാൽ. ഈ ക്ലാസിലെ മുൻ ഏഴ് കപ്പലുകളും വെസ്റ്റേൺ നേവൽ കമാൻഡിന് കീഴിലുള്ള നാവികസേനയുടെ വെസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാണ്. റഷ്യൻ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകളെ അടിസ്ഥാനമാക്കിയാണ് തമാലിന്റെ നിർമാണം നടന്നത്. 125 മീറ്റർ നീളവും 3900 ടൺ ഭാരവുമുള്ള യുദ്ധക്കപ്പലിൽ ഇന്ത്യയുടെയും റഷ്യയുടെയും നൂതന സാങ്കേതികവിദ്യകളും ഉപയോ​ഗിച്ചിട്ടുണ്ട്.


ഡ്യുവൽ-റോൾ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ഉപരിതല-വായു മിസൈലുകൾ, 100 മില്ലീമീറ്റർ മെയിൻ ഗൺ, 30 മില്ലീമീറ്റർ ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റംസ്, ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചറുകൾ, ഹെവിവെയ്റ്റ് ടോർപ്പിഡോകൾ എന്നിവ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ആണവ, ജൈവ, രാസ (എൻ‌ബി‌സി) പ്രതിരോധത്തിനായുള്ള നൂതന ഓട്ടോമേറ്റഡ് സംവിധാനങ്ങൾ, സംരക്ഷിത നിയന്ത്രണ പോസ്റ്റുകളിൽ നിന്ന് പ്രവർത്തിപ്പിക്കാൻ കഴിയുന്ന അഗ്നിശമന സംവിധാനങ്ങൾ എന്നിവയും കപ്പലിലുണ്ട്.


മന്ത്രി പി രാജീവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്


സേവ് കെൽട്രോൺ മുദ്രാവാക്യം കേട്ടിട്ടുണ്ടോ? കേരളത്തിൻ്റെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കെൽട്രോണിനെ സ്വകാര്യവൽക്കരിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിച്ച ഘട്ടത്തിൽ കേരളത്തിൽ നടന്ന ജനകീയ പ്രക്ഷോഭത്തിലെ മുദ്രാവാക്യമാണിത്. അന്ന് ആ പ്രക്ഷോഭം നടത്തി വിജയിച്ചില്ലായിരുന്നെങ്കിൽ കെൽട്രോണിനെക്കുറിച്ച് ഇങ്ങനൊരു കുറിപ്പ് എഴുതാൻ പോലും സാധിക്കുമായിരുന്നില്ല.


തുടർച്ചയായി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരുകൾക്ക് കീഴിൽ വീണ്ടും കേരളത്തിൻ്റെ അഭിമാനമായി മാറിയ കെൽട്രോൺ ഇന്ത്യൻ നേവിക്ക് വേണ്ടി റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽ ശാലയിൽ വച്ച് കമ്മീഷൻ ചെയ്ത യുദ്ധപ്പലിൻ്റെ നിർമ്മാണ പ്രക്രിയയിലും സുപ്രധാന ചുമതല നിർവഹിച്ച സന്തോഷം പങ്കുവെക്കുകയാണ്. 4000T മൾട്ടി റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ ഐഎൻഎസ് തമലിൻ്റെ നിർമ്മാണത്തിൽ പ്രധാന ഭാഗങ്ങളായ എക്കോസൗണ്ടറും അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റവും നിർമ്മിച്ചതും ഇൻസ്റ്റാൾ ചെയ്തതും കെൽട്രോൺ ആണ്. ഇന്ത്യൻ നേവിക്കായി കെൽട്രോണിൻ്റെ വിദഗ്ധ ടീം റഷ്യയിൽ പോയി വിജയകരമായി ടെസ്റ്റുകൾ പൂർത്തീകരിച്ചതിന് ശേഷമാണ് ഇൻസ്റ്റലേഷൻ പ്രക്രിയ നടത്തിയത്. കെൽട്രോണിനും കേരളത്തിനും അഭിമാന നിമിഷമാണിത്.


കെൽട്രോൺ ഇനിയും കുതിക്കും.. സർക്കാർ ഒപ്പമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home