നാവികസേനയുടെ 
2 യുദ്ധക്കപ്പലിനുകൂടി ഉപകരണങ്ങൾ നിർമിച്ച്‌ ഘടിപ്പിച്ച്‌ നൽകി

പടനയിക്കാൻ വീണ്ടും കെൽട്രോൺ

keltron indian navy

പ്രൊജെക്ട് 17 എ

വെബ് ഡെസ്ക്

Published on Jul 09, 2025, 12:00 AM | 1 min read


ആലപ്പുഴ

കടലാഴങ്ങളിൽ കരുത്തായും ശത്രുവിന്‌ പിന്നിൽ ചാരക്കണ്ണായും ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പം കെൽട്രോൺ തുടരും. അടുത്തിടെ റഷ്യയിലും ഇന്ത്യയിലുമായി നാവികസേനയ്‌ക്കായി കടലിലിറങ്ങിയ രണ്ട്‌ യുദ്ധക്കപ്പലിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനം മുദ്രപതിപ്പിച്ചു.


റഷ്യയിലെ കലിനിൻഗ്രാഡിലെ യാന്തർ കപ്പൽശാലയിൽ സേന കമീഷൻചെയ്‌ത 4000 ടൺ മൾട്ടി-റോൾ സ്‌റ്റെൽത്ത് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പൽ "ഐഎൻഎസ് തമൽ’, മുംബൈയിൽ കമീഷൻ ചെയ്‌ത "പ്രൊജെക്ട് 17 എ’ എന്ന സ്‌റ്റെൽത്ത്‌ യുദ്ധകപ്പൽ എന്നിവയിലാണ്‌ പ്രധാന ഭാഗങ്ങൾ കെൽട്രോൺ നിർമിച്ച്‌ ഘടിപ്പിച്ചത്‌. ഇന്ത്യൻ നാവികസേനയ്‌ക്കായി ലോകത്തെവിടെ യുദ്ധകപ്പൽ നിർമിച്ചാലും പങ്കാളിത്തമുണ്ടാകുമെന്നത്‌ കെൽട്രോണിന്റെ സാങ്കേതികമികവിന്റെയും വിശ്വസ്‌തതയുടെയും അംഗീകാരമാകുകയാണ്‌. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം നടത്തിയ പ്രവർത്തനങ്ങളാണ്‌ സ്ഥാപനത്തിന്‌ കുതിപ്പേകിയത്‌.


നാവികസേനയ്‌ക്കായി രാജ്യത്തിന്‌ പുറത്തുനിർമിക്കുന്ന അവസാന യുദ്ധക്കപ്പലയായ ഐഎൻഎസ് തമലിന്റെ പ്രധാനഭാഗങ്ങളായ എക്കോസൗണ്ടർ, അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്‌റ്റം എന്നിവയാണ്‌ കെൽട്രോൺ നിർമിച്ച്‌ ഘടിപ്പിച്ചത്‌. കെൽട്രോണിലെ വിദഗ്‌ധസംഘം യാന്തർ കപ്പൽശാല സന്ദർശിച്ച്‌ പരിശോധന പൂർത്തിയാക്കിയാണ്‌ ഉപകരണങ്ങൾ ഘടിപ്പിച്ചത്‌. റഷ്യൻ യുദ്ധക്കപ്പലുകളെ അടിസ്ഥാനമാക്കിയായിരുന്നു തമാലിന്റെ നിർമാണം.


മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ നിർമിച്ച ‘പ്രൊജക്‌ട്‌ 17എ’ യുദ്ധക്കപ്പലിൽ ലോഗ്, എക്കോസൗണ്ടർ, അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്‌റ്റം എന്നിവയാണ്‌ കെൽട്രോൺ നിർമിച്ച്‌ ഘടിപ്പിച്ചത്‌. ഇന്ത്യ–-പാക്‌ സംഘർഷ സമയത്ത്‌ അറബിക്കടലിൽ വിന്യസിച്ച ഐഎൻഎസ്‌ അർനാലയിൽ ഉൾപ്പെടെ നാവികസേനയുടെ നിരവധി യുദ്ധക്കപ്പലുകളിൽ കെൽട്രോണിന്റെ ഉപകരണങ്ങളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home