ദുരിതക്കടൽ താണ്ടിയെത്തിയ റാങ്കിൻതിളക്കം

സി പ്രജോഷ് കുമാർ
Published on Jul 03, 2025, 12:45 AM | 1 min read
മലപ്പുറം
തുണിക്കടയിൽ സെയിൽസ്‌മാനായി 13–-ാം വയസ്സിൽ മലപ്പുറത്ത് എത്തിയതാണ് തമിഴ്‌നാട് ദിണ്ഡിക്കൽ സ്വദേശി രവി. തുണിക്കട പൂട്ടിയതോടെ ജീവിക്കാൻ പല ജോലികൾ ചെയ്‌തു. മലയാളം പഠിച്ചു. ഇരുമ്പുഴി കരുവഞ്ചേരി പറമ്പിൽ ശോഭിയെ വിവാഹം കഴിച്ച് അടിമുടി മലയാളിയായ രവിയുടെ വീട്ടിലേക്ക് ഇത്തവണ പുതിയ സന്തോഷമെത്തി. കീം പ്രവേശന പരീക്ഷയിൽ ബി ഫാമിൽ സംസ്ഥാനത്ത് എസ്‌സി വിഭാഗത്തിൽ ഒന്നാം റാങ്കുകാരിയാണ് രവിയുടെ മകൾ സി ശിഖ. മലയാളം മീഡിയത്തിൽ പഠിച്ച ശിഖ പ്രതിസന്ധികളോട് പൊരുതിയാണ് കീമിൽ ഒന്നാമതെത്തിയത്.
ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം വർഷങ്ങളോളം ഒറ്റമുറിവീടുകളിൽ വാടകക്കാണ് ജീവിതം തള്ളിനീക്കിയത്. അസൗകര്യങ്ങളിലും മക്കളുടെ പഠനം മുടക്കിയില്ല. ആറുവർഷം മുമ്പാണ് ഭാര്യവീടിനോട് ചേർന്ന് സ്വന്തമായി വീടുണ്ടാക്കിയത്. ഡ്രൈവിങ് പഠിച്ചതോടെ ഗുഡ്‌സ് ഓട്ടോ ഓടിച്ചാണ് ജീവിതം.
പത്താംക്ലാസ് വരെ മലപ്പുറം സെന്റ് ജെമ്മാസ് എച്ച്‌എസ്‌എസിലാണ് ശിഖ പഠിച്ചത്. എസ്‌എസ്‌എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മഞ്ചേരി ജിഎച്ച്‌എസ്‌എസിൽനിന്ന് പ്ലസ്‌ടുവിനും മുഴുവൻ എ പ്ലസ്. കീമിൽ 300ൽ 251.75 സ്‌കോർ നേടിയാണ് ഒന്നാമതായത്.
നീറ്റിനുവേണ്ടിയാണ് പരിശ്രമിച്ചത്. അതിനിടെ കീം എഴുതുകയായിരുന്നു. നീറ്റിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ എസ്‌സി വിഭാഗത്തിൽ 1291–-ാം റാങ്ക് നേടി. സംസ്ഥാന റാങ്ക് ലിസ്‌റ്റിൽ മുന്നിലെത്തിയാൽ എംബിബിഎസിന് ചേരാനാണ് ആഗ്രഹം. ചേച്ചി ശിൽപ്പ ബികോം പൂർത്തിയാക്കി എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. അമ്മ ശോഭി ഫ്ലൊർ മില്ലിൽ ജോലിക്കുപോകുന്നു.









0 comments