കവളപ്പാറ പറയും കരുതലിന്റെ ഗാഥ

കവളപ്പാറ ദുരന്തബാധിതരായ ആദിവാസി വിഭാഗക്കാർക്കായി പോത്തുകല്ല് ഉപ്പളയിൽ നിർമിച്ച വീടുകൾ
സി പ്രജോഷ് കുമാർ
Published on Jul 30, 2025, 02:15 AM | 1 min read
മലപ്പുറം
2019ൽ ഉരുൾപൊട്ടി ഇരമ്പിയാർത്തെത്തിയ മലവെള്ളം കവളപ്പാറയിലെ 59 ജീവനാണെടുത്തത്. സർവവും ഒലിച്ചുപോയവർക്ക് സർക്കാർ തണലായി. 2153 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ആനക്കല്ലിൽ 33 ആദിവാസി കുടുംബങ്ങൾക്ക് 12 ലക്ഷം രൂപവീതം അനുവദിച്ചു. പൊതുവിഭാഗത്തിൽ 24 കുടുംബങ്ങളെ പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളത്ത് പുനരധിവസിപ്പിച്ചു. പുനരധിവാസ പ്രദേശത്ത് വൈദ്യുതിയും കുടിവെള്ളവുമെത്തിക്കാൻ മിഷൻഫണ്ടിൽ തുക അനുവദിച്ചു. ഗുണഭോക്താക്കൾ നേരിട്ട് പോത്തുകല്ല് മൾട്ടി പർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണകരാർ നൽകിയത്. പോത്തുകല്ല് ഉപ്പട ഗ്രാമം റോഡിൽ 3.57 ഏക്കറിൽ 30 വീട് പൂർത്തിയായി.
പ്രളയ പുനരധിവാസത്തിന്റെ നേർസാക്ഷ്യമാണ് പോത്തുകല്ല് ഞെട്ടിക്കുളം നഗർ. ഭൂമി വാങ്ങാൻ ആറുലക്ഷവും വീടുവയ്ക്കാൻ നാലുലക്ഷവും സർക്കാർ നൽകി. സ്വകാര്യ റബർതോട്ടം 24 കുടുംബങ്ങൾ ഒരുമിച്ച് സെന്റിന് 70,000 രൂപയ്ക്ക് വാങ്ങി.
നറുക്കെടുപ്പിലൂടെ ഭൂമി തെരഞ്ഞെടുത്തു. അതിൽ വീടുവച്ചു. സർക്കാർഫണ്ടിൽ രണ്ട് കിണർ നിർമിച്ചു. വൈദ്യുതി എത്തിച്ചു. എം എ യൂസഫലി 33 വീട് നിർമിച്ചുനൽകി. ഓരോ ഗുണഭോക്താവിനും ഏഴുലക്ഷം വീതം 2.31 കോടി രൂപ സർക്കാർ നൽകി. പ്രളയബാധിതരിൽ 90 ശതമാനം കുടുംബങ്ങളെയും പഞ്ചായത്തിനുള്ളിൽതന്നെ പുനരധിവസിപ്പിച്ചു.









0 comments