കവളപ്പാറ ദുരന്തബാധിതർക്കുള്ള ഭൂമി ലീഗ് മെമ്പർ തട്ടിയെടുത്തു ; പ്രതിഷേധം ശക്തം

എടക്കര
കവളപ്പാറ ദുരന്തബാധിതര്‍ക്ക് മുസ്ലിംലീഗ് വാങ്ങിയ ഭൂമി ലീഗ് വാർഡ് മെമ്പർ തട്ടിയെടുത്തു. പോത്തുകല്ല് പഞ്ചായത്ത് വെളുമ്പിയംപാടം വാർഡ് അംഗം സലൂപ് ജലീലാണ് ഭൂമി തട്ടിയെടുത്തത്. ലീഗുകാരടക്കം നവമാധ്യമത്തിൽ പ്രതിഷേധവുമായെത്തിയതോടെയാണ് ഭൂമി ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്‌ത വിവരം പുറത്തറിഞ്ഞത്. പോത്തുകല്ല് വെളുമ്പിയംപാടത്താണ് ലീഗ് ഭൂമി വാങ്ങിയത്.
പുനരധിവാസത്തിനുവാങ്ങിയ റോഡിനോട് ചേർന്നുള്ള 25 സെന്റാണ് സലൂപ് ഭാര്യയുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തത്. തട്ടിയെടുത്ത സ്ഥലത്ത് ഇയാൾ വാഴകൃഷി ചെയ്യുകയാണ്. സലൂപ് ദുരന്തബാധിതനല്ല. മറ്റൊരിടത്ത് വീടും സ്ഥലവുമുണ്ട്.
വെളുമ്പിയംപാടത്ത് 50 സെന്റാണ് വാങ്ങിയതെന്നും 75 സെന്റുണ്ടായിരുന്ന ഭൂമി കച്ചവടം നടക്കാനായി 25 സെന്റ് ഭാര്യയുടെ പേരിൽ വാങ്ങുകയായിരുന്നുവെന്നുമാണ് സലൂപിന്റെ വാദം. എന്നാൽ വെളുമ്പിയംപാടത്ത് 75 സെന്റ് ദുരന്തബാധിതർക്കായി വാങ്ങിയെന്ന് ലീഗ് നേരത്തെ പറഞ്ഞിരുന്നു. 12 പേർക്ക് നൽകാനാണ് ഇൗ ഭൂമി വാങ്ങിയത്. മുസ്ലിംലീഗ് അനുഭാവികളായ ഏഴുപേർക്ക് അഞ്ച് സെന്റ് വീതം നൽകി. ഇവരും കവളപ്പാറ ദുരിതബാധിതരല്ല. ഇതിൽത്തന്നെ രണ്ടു പേർക്ക് ലൈഫ് പദ്ധതിയിലാണ് വീട് ലഭിച്ചത്.
ബാക്കി അഞ്ചുപേർക്ക് വീടുവയ്‌ക്കാൻ കഴിയാത്ത സ്ഥലമാണ് കൈമാറിയത്. കവളപ്പാറയുടെ പേരിൽ കെഎംസിസി മുഖേനെ മുസ്ലിംലീഗ് വൻ പണപ്പിരിവ് നടത്തിയിരുന്നു.









0 comments