കാട്ടാക്കട ആദിശേഖർ കൊലക്കേസ്: വിധി ഇന്ന്

KATTAKKADA ADISHEKHAR
വെബ് ഡെസ്ക്

Published on Apr 29, 2025, 10:52 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും. വഞ്ചിയൂർ എംഎസിറ്റി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസിൽ വിധി പറയുന്നത്.പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15)നെയാണ്‌ പ്രതിയായ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കാരണം.


2023 ആഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിലാണ്‌ സംഭവം. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് നിർണായക തെളിവായി ഹാജരാക്കിയത്. ആദിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറുമ്പോൾ പ്രിയരഞ്ജൻ അമിതവേഗത്തിൽ കുട്ടിയുടെ നേർക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നെന്നാണ് കേസ്. എസ്‌യുവി ഇലക്ട്രിക് കാറും ആദിയുടെ സൈക്കിളും സാക്ഷികൾ തിരിച്ചറിഞ്ഞു. കാട്ടാക്കട എസ്എച്ച്ഒ ഷിബുകുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.


കാറിടിപ്പിച്ച്‌ കൊല്ലുന്നത് കണ്ടെന്ന് സുഹൃത്തുക്കൾ


സംഭവം നടക്കുമ്പോൾ ആദിശേഖറിന്റെ ഒപ്പമുണ്ടായിരുന്ന നീരജ്, അച്ചു, അഭിജയ് എന്നിവരെയും കേസിൽ വിസ്തരിച്ചു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. സംഭവദിവസം കളികഴിഞ്ഞ് ക്ലബ് റൂമിൽ ഫുട്ബോൾ വയ്ക്കുന്നതിനായി ആദിശേഖറിനോടൊപ്പം പോയെന്നും തിരികെ വന്ന് സൈക്കിളിൽ കയറിയപ്പോഴാണ് പ്രിയരഞ്ജൻ കാറിടിപ്പിച്ചതെന്നും നീരജ് മൊഴി നൽകി. വൻശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ പ്രിയരഞ്ജൻ കാർ നിർത്തിയിട്ട് പുറത്തിറങ്ങുന്നത് കണ്ടുവെന്ന് അച്ചുവും മൊഴി നൽകി. രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് അഭിജയ്‌ മൊഴിനൽകി.



deshabhimani section

Related News

View More
0 comments
Sort by

Home