മതനിരപേക്ഷതയ്‌ക്ക്‌ 
ഒപ്പമാണ്‌ കശ്‌മീരികൾ: 
തരിഗാമി

THARIGAMI MB RAJESH
വെബ് ഡെസ്ക്

Published on Jan 14, 2025, 12:05 PM | 1 min read

തിരുവനന്തപുരം: മതനിരപേക്ഷതയ്‌ക്ക്‌ ഒപ്പംനിൽക്കുന്നവരാണ്‌ കശ്‌മീരികളെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും ജമാഅത്തെ ഇസ്ലാമിയും രംഗത്തുണ്ടായിട്ടും കുൽഗാമിൽനിന്ന്‌ താൻ തെരഞ്ഞെടുക്കപ്പെട്ടത്‌ അതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി "യഥാർഥ കശ്മീർ, പറയപ്പെടാത്ത കഥകൾ' എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു തരിഗാമി.


"കശ്‍മീരിലേക്ക് വരൂ, ഇവിടുത്തെ കുഞ്ഞുങ്ങളുടെ മുഖത്തെ പ്രതീക്ഷയും പുഞ്ചിരിയും കാണൂ. കലാകാരും സാംസ്കാരികപ്രവർത്തകരുമായ പുതുതലമുറയുടെ ചുണ്ടിലെ പുഞ്ചിരി ആർക്കും തട്ടിയെടുക്കാനാകില്ലെന്നതാണ് ഞങ്ങൾ കശ്മീരികളെ ജീവിപ്പിക്കുന്നത്. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടി കശ്മീർ ജനതയോടുള്ള വെല്ലുവിളിയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ നിരാകരണവുമാണ്. കശ്മീരിലെ സംഭവ വികാസങ്ങളെ ഒറ്റപ്പെട്ട സംഭവമായോ കശ്മീരിനെ ഒറ്റപ്പെട്ട ഇടമായോ കണക്കാക്കരുത്.


കേരളത്തിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരേക്കാൾ അധികാരം ഗവർണർമാരിൽ നിക്ഷിപ്തമാക്കാൻ ശ്രമിക്കുന്നു. ഒരു രാഷ്ട്രം ഒരു നികുതി അടിച്ചേൽപ്പിച്ചതോടെ പല സംസ്ഥാനങ്ങൾക്കും അർഹമായ ഫണ്ടുകൾ ലഭിക്കാതായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കിയാൽ ഫെഡറൽ സംവിധാനം തകരും. ഒരു രാജ്യം ഒരു നേതാവ് എന്നതും നടപ്പാകുമോ എന്ന് ഭയക്കണം.


ജമ്മു കശ്മീർ തുറന്ന ജയിലായി മാറി. കശ്മീരിന് പുറത്ത് ഒരു ഡോക്ടറുടെ സേവനം തേടാനോ മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന മക്കളുമായി സംസാരിക്കാനോ കഴിയാത്ത വിധം കശ്മീർ ഒറ്റപ്പെട്ടു. ഞങ്ങൾക്കും ജീവിക്കണം, നല്ലൊരു ജീവിതം സാധ്യമാകണം. ഇരുട്ടും കണ്ണീരും കഥപറയുന്ന കശ്മീരിന്റെ പുതുതലമുറയുടെ ചുണ്ടിലെ ചിരി മായാതിരിക്കണം. എനിക്ക്‌ ഈ നാട്ടിലെ ജനങ്ങളിൽ വിശ്വാസമുണ്ട്. ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുമെങ്കിൽ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യവും നീതിയും കശ്മീർ ജനതയ്ക്കും ലഭിക്കുമെന്ന് ഉറപ്പുണ്ട്‌’–-തരിഗാമി വ്യക്തമാക്കി. മന്ത്രി എം ബി രാജേഷും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home