print edition എസ്ഐആർ : ഭീതി അകറ്റണമെന്ന് കാന്തപുരം

കോഴിക്കോട്
വോട്ടർ പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ.
എസ്ഐആർ പൂർത്തിയായ ബിഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർ പട്ടികയിൽനിന്ന് പുറത്തായതും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടർ പട്ടികയിൽനിന്ന് പുറന്തള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽനിന്ന് പുറത്തുപോകുമോ എന്ന ആശങ്കയുണ്ട്. എസ്ഐആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് നടക്കുന്നതെന്ന ഭീതിയുമുണ്ട്. വോട്ടർ പട്ടിക കുറ്റമറ്റതാക്കാനുള്ള പരിശോധനയിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡം അടിസ്ഥാന ജനവിഭാഗങ്ങളിൽപ്പെട്ടവർക്കും പുറംരാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നു. ഈ സങ്കീർണതകളിൽ തട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും പ്രതിസന്ധിയിലാകുമോ എന്ന ഭീതിയുണ്ട്. ഇക്കാര്യം പരിശോധിച്ച് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഭീതി പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.









0 comments