കണ്ണൂർ സർവകലാശാല ഡീൻ നിയമനം; നിയമം കാറ്റിൽപറത്തി സംഘപരിവാർ പട്ടിക


സ്വന്തം ലേഖകൻ
Published on May 07, 2025, 12:16 AM | 1 min read
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിയമവും അക്കാദമിക കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തി ഡീൻ പട്ടികയിറക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം. വൈസ് ചാൻസലർ ഡോ. കെ കെ സാജുവിന്റെ സംഘപരിവാർ താൽപ്പര്യം മുൻനിർത്തി ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ഉത്തരവിറക്കിയത്. യോഗ്യരായ വിഷയവിദഗ്‌ധർ സർവകലാശാലയിൽ ഇല്ലെങ്കിലേ പുറത്തുനിന്ന് ആളെ പരിഗണിക്കാവൂ എന്ന നിയമം നിലനിൽക്കെയാണ് 10 പേരെ തിരുകികയറ്റാനുള്ള ശ്രമം. വൈസ് ചാൻസലറുടെ മാതൃ സർവകലാശാലയായ കുസാറ്റിൽനിന്നുമാത്രം മൂന്നു പഠനവകുപ്പുകളിലേക്കുള്ളവരെ ശുപാർശചെയ്‌തിട്ടുണ്ട്.
സർവകലാശാലാ നിയമം അനുശാസിക്കുന്ന ഡീൻ യോഗ്യതയുള്ള 19 പ്രൊഫസർമാരെയും ആറ് അസോസിയറ്റ് പ്രൊഫസർമാരെയും മറികടന്നാണ് സംഘപരിവാർ രാഷ്ട്രീയ താൽപ്പര്യമുള്ളവരെ നിയമിക്കുന്നത്. പട്ടികയിൽ കേരളത്തിനു പുറത്തുള്ള വിഷയവിദഗ്‌ധരാണ് കൂടുതൽ. ഇത് ഭരണപരമായ നിർവഹണം വൈകിപ്പിക്കാനേ ഇടയാക്കു. സാമൂഹ്യശാസ്‌ത്രം, ഫൈനാർട്‌സ്, നിയമം, വിദ്യാഭ്യാസം വകുപ്പുകളിൽ ഡൽഹി, ഹിമാചൽപ്രദേശ്, ബംഗളൂരു, പോണ്ടിച്ചേരി സർവകലാശാലകളിൽനിന്നുള്ളവരാണ്. പാഠ്യപദ്ധതിയും സിലബസും രൂപീകരണവും, ഫാക്കൽറ്റി നിയമനം, കൗൺസിൽ മീറ്റിങ്ങുകളിൽ അധ്യക്ഷനാകൽ, രജിസ്ട്രേഷൻ, കോഴ്‌സ് വർക്ക്, അവലോകനം, പിഎച്ച്‌ഡി പ്രക്രിയയിൽ തുടർച്ചയായ ഇടപെടൽ തുടങ്ങിയവയാണ് ഡീൻമാരുടെ ചുമതല. മാത്രമല്ല, യാത്രപ്പടിയും താമസവും അടക്കമുള്ള സാമ്പത്തികബാധ്യതയും കൂടും.ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി, ഡീൻ പട്ടിക പിൻവലിക്കണമെന്ന് സർവകലാശാല സിൻഡിക്കറ്റ് ചാൻസലർക്ക് നൽകിയ മെമോറണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments